തിരുവനന്തപുരം: പതിനായിരം കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി പട്ടം സെന്റ് മേരീസ് സ്‌കൂൾ. ഇന്നലെ 10000 ലധികം വിദ്യാർത്ഥികളും 300 ലധികം അദ്ധ്യാപകരും അനദ്ധ്യാപകരും മാതാപിതാക്കളുടെ പ്രതിനിധികളും എം.എൽ.എമാരും സ്കൂളിൽ സദ്യയുണ്ടു. വമ്പൻ സദ്യയ്ക്കായി ദിവസങ്ങൾ നീണ്ട മുന്നൊരുക്കങ്ങളാണ് നടന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഓണസദ്യയ്ക്കുള്ള സാധനങ്ങൾ സ്കൂളിലെത്തിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തന്നെ സദ്യവട്ടങ്ങൾ ഒരുക്കി തുടങ്ങിയിരുന്നു. ഒന്നിച്ചോണമുണ്ണാൻ വിശിഷ്ടാതിഥികളായി എം.എൽ.എമാരായ വി.കെ.പ്രശാന്ത്, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ,മേയർ ആര്യാ രാജേന്ദ്രൻ,പൊതുവിദ്യാഭ്യാസ ഡയറക്ടർ എ.ഷാനവാസ്,ഡെപ്യൂട്ടി മേയർ പി.കെ.രാജു,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ, കൗൺസിലർമാരായ ജോൺസൺ ജോസഫ്,അംശു വാമദേവൻ,തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽമാരായ ഡോ.വർക്കി ആറ്റുപുറത്ത്,ഫാ.തോമസ് കൈയ്യാലയ്ക്കൽ, പി.ടി.എ പ്രസിഡന്റ് മുരളീദാസ്, മദർ പി.ടി.എ പ്രസിഡന്റ് സജീന തുടങ്ങിയവരും സ്കൂളിലെത്തി.
നാല് ഓഡിറ്റോറിയങ്ങളിലായി നാല് പന്തികളിലായാണ് സദ്യ വിളമ്പിയത്. പായസം ഉൾപ്പെടെ എല്ലാ വിഭവങ്ങളും ഒരുക്കിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുവിദ്യാലയങ്ങളിലൊന്നായ പട്ടം സെന്റ് മേരീസിൽ നടന്ന പരിപാടിയോടനുബന്ധിച്ച് അർഹരായ കുട്ടികൾക്ക് പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന ആയിരത്തോളം ഓണക്കിറ്റുകളും വിതരണം ചെയ്തു.പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം. അലക്‌സ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.