a

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലാണെന്ന വസ്തുത പരക്കെ അറിവുള്ളതാണ്. സാഹചര്യം ഇതായിരിക്കെ വാർഷിക പദ്ധതികൾ പകുതിയായി വെട്ടിച്ചുരുക്കാൻ മന്ത്രിസഭ തീരുമാനമെടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. കാരണം,​ ഒരുകാലത്തും പദ്ധതികൾ ഇവിടെ പൂർണമായി നടപ്പാക്കിയ ചരിത്രമില്ല. വൈകി അംഗീകരിക്കപ്പെടുന്ന ബഡ്ജറ്റും അതിൻപ്രകാരമുള്ള വിഹിത വിതരണവുമെല്ലാം കഴിയുമ്പോൾ സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിട്ടിരിക്കും. ജനുവരി എത്തുമ്പോൾ പദ്ധതി നിർവഹണത്തിന്റെ കാൽഭാഗം പോലും എത്തിയെന്നുവരില്ല. ശേഷിക്കുന്ന ആറുമാസം ഓടെടാ ഓട്ടമാണ്. ഏതുവിധേനയും പദ്ധതി വിഹിത വിനിയോഗം എഴുപത്തഞ്ചു ശതമാനമെങ്കിലും എത്തിക്കാനുള്ള നെട്ടോട്ടത്തിൽ മുൻഗണനാ ക്രമങ്ങൾ പലതും മാറിമറിയും. പദ്ധതികളുടെ പൂർത്തീകരണം നീണ്ടുപോയെന്നും വരാം. അടുത്തവർഷം കാര്യങ്ങൾ ഇങ്ങനെയൊന്നുമാകരുതെന്ന് എല്ലാ വർഷവും പ്രതിജ്ഞയൊക്കെ എടുക്കും. പക്ഷേ സ്ഥിതിഗതികൾ പഴയതുപോലെ തുടരുന്നതാണ് കണ്ടുവരുന്നത്.

ഇത്തവണ കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് വാർഷിക പദ്ധതികളിൽ കത്തി വീഴുന്നത്. മൊത്തം 29,​890 കോടി രൂപയുടെ പദ്ധതികൾക്കാണ് ബഡ്‌ജറ്റിൽ അംഗീകാരം നൽകിയത്. ഇതിനുപുറമേ 8516 കോടി രൂപ മതിപ്പുവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമുണ്ട്. സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലാകും വെട്ടിക്കുറവ്. പത്തുകോടിക്കു താഴെ ചെലവ് വരുന്നതും അതിനു മുകളിൽ വരുന്നതും എന്ന കണക്കിലാകും തരംതിരിവ്. പത്തുകോടിയിലധികം ചെലവുവരുന്ന പദ്ധതികൾ ഏറ്റെടുക്കാൻ ഉന്നതതല സമിതിയുടെ അംഗീകാരം വേണ്ടിവരും. വൻ ചെലവുവരുന്ന പദ്ധതികൾക്ക് പകുതിയേ ഈ വർഷം മുടക്കാനാവൂ. അത്തരം പദ്ധതികൾ ഇഴഞ്ഞുനീങ്ങുമെന്ന് സാരം. നിയമസഭയിൽ സർക്കാർ പ്രഖ്യാപിച്ച മുൻഗണനാ പദ്ധതികൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. സമയബന്ധിതമായിത്തന്നെ അവ പൂർത്തിയാക്കാൻ ഏർപ്പാടുകളുണ്ടാകും.

അതുപോലെ,​ മന്ത്രിസഭാ വാർഷികവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെട്ട 1070 പദ്ധതികൾ ഒക്ടോബർ 22- നകം പൂർത്തിയാക്കുമെന്ന ഉറപ്പും ഇതോടൊപ്പമുണ്ട്. സംസ്ഥാന പദ്ധതി നിർവഹണത്തിൽ ഇതിനകം കഷ്ടിച്ച് 16 ശതമാനം മാത്രമാണ് പുരോഗതി. ഇതാണ് ഗതിവേഗമെങ്കിൽ പദ്ധതി അടങ്കൽ ചെലവഴിക്കാതെ തന്നെ ലക്ഷ്യപ്രാപ്തിയിലെത്താനാകും. സംസ്ഥാനത്തിന്റെ വളർച്ചയും പുരോഗതിയും ഉറപ്പാകണമെങ്കിൽ ദ്രുതഗതിയിലുള്ള പദ്ധതി നിർവഹണം ആവശ്യമാണെന്ന് അറിയായാഞ്ഞിട്ടൊന്നുമല്ല . പക്ഷേ ഇറക്കാൻ പണമില്ലെങ്കിൽ എന്തുചെയ്യും?​ പദ്ധതികൾ പാതിയാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഏറ്റെടുക്കുന്നവയെങ്കിലും സമയബന്ധിതമായി തീർക്കാൻ സാധിച്ചാൽ ഉപകാരമാകും. നിർമ്മാണം നീണ്ടുപോകുന്തോറും ചെലവും അധികരിക്കും.

തിരുവനന്തപുരത്തെ സ്മാർട്ട് റോഡ് പണി കാര്യക്ഷമതാരാഹിത്യത്തിന് മികച്ച ഉദാഹരണമാണ്. മൂന്നുമാസംകൊണ്ട് തീരേണ്ട ചെറിയ റോഡുകൾ പോലും മാസങ്ങളായിട്ടും കുണ്ടുംകുഴിയുമായി കിടക്കുകയാണ്. പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതികൾമാത്രം ഈവർഷം ഏറ്റെടുത്താൽ മതി എന്ന തീരുമാനം ഒരുകണക്കിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഏറ്റെടുക്കുന്നവയെങ്കിലും സമത്തും കാലത്തും തീരുമല്ലോ എന്ന് ആശ്വസിക്കാമല്ലോ. നിർമ്മാണ പദ്ധതികളിലെ മെല്ലെപ്പോക്കും മാറ്റിവയ്ക്കലും തൊഴിലവസരങ്ങളും കുറയ്ക്കുമെന്ന് ഓർമ്മവേണം. കരാർ പണിക്കാരുടെ കുടിശ്ശിക നൽകാത്തതിനാൽ അവരും കുറെക്കാലമായി വലിയ കരാറുകളൊന്നും ഏറ്റെടുക്കുന്നില്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ കൂട്ടായി പ്രാർത്ഥിക്കുക മാത്രമേ പോംവഴിയുള്ളൂ. ആവർത്തിച്ച് നിവേദനങ്ങൾ നൽകിയിട്ടും കേന്ദ്രം കനിയുന്ന ലക്ഷണമൊന്നുമില്ല. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാനം തന്നെ പരിഹാരം കാണേണ്ടി വന്നിരിക്കുന്നു. അതിന്റെ ഭാഗമാണ് പദ്ധതികളിൽ വരുത്തുന്ന വെട്ടിക്കുറവ്.