പാലോട്: ജല അതോറിട്ടിയുടെ പൈപ്പിടലിനെ തുടർന്ന് തകർന്ന റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ. കരാർ വ്യവസ്ഥകൾ മുഴുവൻ ലംഘിക്കപ്പെട്ടിട്ടും കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് വാട്ടർ അതോറിറ്റിയുടേത്. നന്ദിയോട്ടെ ജല അതോറിട്ടിയുടെ ഓഫീസിനു മുന്നിൽ എൽ.പി സ്കൂളിനു സമീപം പ്രധാന പാത വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കോൺക്രീറ്റ് ചെയ്യാൻ നടപടി എടുത്തിട്ടില്ല.
അപകടങ്ങളും നിത്യം
നന്ദിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വിളിപ്പാടകലെയുള്ള ആലംപാറ, കള്ളിപ്പാറ, മീൻമുട്ടി റോഡിന്റെ സ്ഥിതി ദയനീയമാണ്. ടാർ ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് നാളേറെയായി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. സർവമത തീർത്ഥാടന കേന്ദ്രമായ ആലംപാറ ദേവി ക്ഷേത്രത്തിലും പരമ്പരാഗത പടക്ക നിർമ്മാണ കേന്ദ്രങ്ങളിലും എത്താൻ വേറെ മാർഗമില്ല. ഈ ഭാഗങ്ങളിലാണ് സ്വകാര്യ വ്യക്തികളും സ്വാശ്രയ സംഘങ്ങളും സ്ഥലമേറ്റെടുത്ത് പാട്ടക്കൃഷി നടത്തുന്നത്. വാഴയും പച്ചക്കറി വിളകളും കൃഷി ചെയ്തിട്ടുള്ള പ്രദേശത്ത് എത്താൻ കർഷകരും പാടുപെടുകയാണ്.ചില ഭാഗങ്ങളിൽ മെറ്റൽ ഇളകി ചിതറി കിടക്കുന്നത് കാരണം കാൽനടയും ദുസ്സഹമാണ്.
റോഡ് കുഴിക്കൽ
ആലംപാറ റോഡ് പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി സമീപകാലത്ത് നവീകരിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. ജല അതോറിട്ടിയുടെ കുടിവെള്ള പദ്ധതികളുടെ ഭാഗമായി പൈപ്പിടൽ ജോലിക്കായി കുഴിച്ച റോഡുകളാണ് തകർന്ന് തരിപ്പണമായത്. ഓടയുടെ അഭാവവും തിരിച്ചടിയായി.
ഭീതി പരത്തി
തകർന്ന റോഡിലൂടെ കുട്ടികളുമായി പോകുന്ന സ്‌കൂൾ ബസുകൾ ഭീതി പരത്തുന്നുണ്ട്.ചെങ്കോട്ട പ്രധാന പാതയിൽ നന്ദിയോട് ജംഗ്‌ഷനിൽ നിന്ന് ആരംഭിക്കുന്ന ആലംപാറ റോഡും എൽ.പി.എസ് ജംഗ്‌ഷനിൽ നിന്ന് ആരംഭിക്കുന്ന കള്ളിപ്പാറ റോഡും പാലുവള്ളി റോഡിലാണ് സംഗമിക്കുന്നത്.
നൂറുകണക്കിന് കുടുംബങ്ങൾ ഇരു റോഡുകളുടെയും വശങ്ങളിൽ താമസിക്കുന്നുണ്ട്.
ഊളൻകുന്ന് പട്ടികജാതി സങ്കേതം,ആലംപാറ നന്ദിനഗർ ശ്രീനാരായണ സ്വയംസഹായ സംഘം മന്ദിരം,നളന്ദ ടീച്ചേഴ്സ് ട്രെയിനിംഗ് സ്‌കൂൾ,പാലുവള്ളി സെന്റ് മേരീസ് യു.പി.സ്‌കൂൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ റോഡുകളുടെ ഓരത്തുണ്ട്. ഏറെക്കാലമായി തകർന്ന റോഡിനെ ത്രിതല പഞ്ചായത്ത് അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണ്.