തിരുവനന്തപുരം: കുട്ടികൾക്കായുള്ള നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിച്ച സംസ്ഥാനതല കർത്തവ്യവാഹകരുടെ ദ്വിദിനയോഗം വെള്ളയമ്പലം ട്രിവാൻഡ്രം സോഷ്യൽ സർവീസസ് സൊസൈറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രശ്നങ്ങൾ വകുപ്പ് മേധാവികളുമായി ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സർക്കാരിന് ശുപാർശകൾ സമർപ്പിക്കുന്നതിനുമാണ് സംസ്ഥാനതലത്തിൽ കമ്മിഷൻയോഗം സംഘടിപ്പിച്ചത്. യോഗത്തിന്റെ രണ്ടാം ദിനമായ ഇന്ന് പോക്‌സോ നിയമം സംബന്ധിച്ച സെമിനാർ ഹൈക്കോടതി ജഡ്ജി എസ്.മനു ഉദ്ഘാടനം ചെയ്യും. ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ബി.മോഹൻ കുമാർ, ഷൈനി ജോർജ്, എൻ.സുനന്ദ, സി.ജലജമോൾ, സിസിലി ജോസഫ്, ഡോ.വിത്സൺ എഫ്, കെ.കെ ഷൈജു തുടങ്ങിയവർ പങ്കെടുത്തു.