തിരുവനന്തപുരം:കഴക്കൂട്ടം-കോവളം ബൈപ്പാസിൽ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഫ്ലൈഒാവർ നിർമ്മാണം നടക്കുന്നതിനാൽ കൊത്തളത്ത് നിന്നും വള്ളക്കടവ്,കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് നിന്നും പടിഞ്ഞാറേക്കോട്ട,കോവളം ഭാഗത്തേക്കും ഗതാഗതം പൂർണമായും തടസപ്പെടും.ഇന്ന് രാവിലെ 6 മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. പടിഞ്ഞാറേക്കോട്ട,കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്,വലിയതുറ,കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിലൂടെ കല്ലുമൂട് അടിപ്പാത,കല്ലുമൂട് -ഈഞ്ചയ്ക്കൽ സർവീസ് റോഡ് വഴിയോ കല്ലുംമൂട് -പൊന്നറപ്പാലം വഴിയോ പോകണം.കഴക്കൂട്ടത്ത് നിന്നും വള്ളക്കടവിലേയ്ക്ക് പോകേണ്ടതും പ്രധാന പാതയിലൂടെ വരുന്നതുമായ വാഹനങ്ങൾ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്നും സർവീസ് റോഡ്,കല്ലുംമൂട് അടിപ്പാത വഴി പോകണം.വള്ളക്കടവ് നിന്നും പടിഞ്ഞാറേക്കോട്ട,കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിലൂടെ അനന്തപുരി ആശുപത്രി ജംഗ്ഷൻ,ചാക്ക-ഈഞ്ചയ്ക്കൽ സർവീസ് റോഡ് വഴി പോകണം.കോവളത്ത് നിന്നും പടിഞ്ഞാറേക്കോട്ട,കൊത്തളം ഭാഗത്തേക്ക് പോകേണ്ടതും പ്രധാനപാതയിലൂടെ വരുന്നതുമായ വാഹനങ്ങൾ ഈഞ്ചയ്ക്കൽ ചാക്ക സർവീസ് റോഡ്,അനന്തപുരി ആശുപത്രി ജംഗ്ഷൻ വഴി പോകണം.കോവളത്ത് നിന്നും കഴക്കൂട്ടം ഭാഗത്തേക്കും തിരിച്ചും പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാം.കൊത്തളത്ത് നിന്നും കോവളത്തേക്കും വള്ളക്കടവ് നിന്നും കഴക്കൂട്ടം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾക്ക് പ്രധാന പാതയിലെത്തി പോകാം.വിവരങ്ങൾക്ക് ഫോൺ.0471-2558731, 9497930055.