12,20,000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: വീടിന് സമീപം ചാരായക്കച്ചവടം വിലക്കിയതിന് യുവാവിനെ കുത്തിക്കൊന്ന കേസിൽ മലയിൻകീഴ് തച്ചോട്ടുകാവ് റോഡരികത്ത് വീട്ടിൽ ഓട്ടോ മോഹനൻ എന്ന മോഹനനെ കോടതി ജീവപര്യന്തം കഠിന തടവിനും 12,20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ നാലര വർഷം അധിക തടവുണ്ട്. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ തച്ചോട്ടുകാവ് മേക്കുംകര റോഡരികത്ത് വീട്ടിൽ തങ്കരാജ് നേരത്തെ മരിച്ചിരുന്നു. നെടുമങ്ങാട് കരിപ്പൂർ മൂഴിനട സി.സി. ഭവനിൽ ശരത്കുമാറിനെയാണ് കൊലപ്പെടുത്തിയത്.

ആക്രമണത്തിൽ ശരത്തിന്റെ സുഹൃത്ത് തച്ചോട്ട്കാവ് മച്ചിനാട് ജയൻ ഭവനിൽ മഹേഷ് കുമാറിനും പരിക്കേറ്റിരുന്നു. മഹേഷിന്റെ വീടിന് സമീപം താമസിച്ചിരുന്ന പ്രതികൾ അവിടെ ചാരായക്കച്ചവടം നടത്തുന്നതിനെ മഹേഷും ശരത്തും വിലക്കിയിരുന്നു. ഈ വിരോധത്താലാണ് തച്ചോട്ട്കാവ് ജംഗ്ഷന് സമീപത്തുളള കടയിലിരുന്ന മഹേഷിനെയും ശരത്തിനെയും പ്രതികൾ 2002 ജൂൺ ഒന്നിന് രാത്രി 7ന് ആക്രമിച്ചത്. ചാരായക്കച്ചവടത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന് വിനോദ് എന്ന യുവാവിനെയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു. വിനോദ് വധക്കേസിൽ മോഹനൻ വിചാരണ നേരിടുകയാണ്.

പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ വീതം ശരത്തിന്റെ മാതാപിതാക്കളായ ചന്ദ്രശേഖരൻ നായർ, ചന്ദ്രിക, സഹോദരി സരിത എന്നിവർക്കും രണ്ട് ലക്ഷം രൂപ പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മഹേഷിനും നൽകാൻ ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.