photo2

പാലോട്: റോഡുവക്കിൽ കെട്ടിമറച്ച കുടിലിലെ ജീവിതം മാറ്റിമറിക്കാൻ കൗമുദി ചാനലിലെ ഓ മൈ ഗോഡ് സംഘമെത്തി.പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ജംഗ്ഷനിലെ റോഡുവക്കിലെ കുടിലിൽ 15 വർഷമായി കഴിയുന്ന വൃദ്ധ ദമ്പതികൾ ഭാർഗവനും ലീലയ്ക്കും തുണയായാണ് ഓണക്കാലത്ത് ഓ മൈ ഗോഡ് സംഘത്തിന്റെ വരവ്. ഹൃദ്രോഗ ബാധിതനാണ് ഭാർഗവൻ.നാട്ടുകാരുടെ സഹായത്താൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞു.വീണ്ടും ഹൃദയ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെയ്തില്ല. ഈറ്റ വെട്ടുന്നതിനിടയിൽ ലൈലയ്ക്ക് കാലിൽ മുറിവേറ്റു.ഇത് ഇതുവരെ ഉണങ്ങിയിട്ടില്ല. നിത്യരോഗിയാണ് ഇവർ.വീട്ടിനുള്ളിലേക്ക് ചില ദിവസങ്ങളിൽ സമീപത്തെ കൽക്കെട്ടിൽ നിന്നുള്ള പാമ്പുകൾ എത്താറുണ്ട്.

ഇവരെ സഹായിക്കാനാണ് ഓ മൈ ഗോഡ് സംഘമെത്തിയത്.ഓണത്തിന് പാവപ്പെട്ടവർക്ക് സഹായം നൽകാനെന്ന് പറഞ്ഞുള്ള പണപ്പിരിവിനാണ് ഓ മൈ ഗോഡ് സംഘം ചായത്തട്ടിലെത്തിയത്.500 രൂപ വേണമെന്ന് സംഘം ഭാർഗവനോട് ആവശ്യപ്പെട്ടു.പിരിവുകാരെ തുരത്താൻ വൃദ്ധ ദമ്പതികൾ നടത്തുന്ന ശ്രമങ്ങളാണ് ഓ മൈ ഗോഡ് ഇതിവൃത്തമാക്കിയത്.

തുടർന്ന് ഭാർഗവന്റെ പെട്ടിക്കട ഓ മൈ ഗോഡ് ടീം ഏറ്റെടുത്ത് മിഠായി കുപ്പികളും വാഴക്കുലയും ബിസ്ക്കറ്റും പായ്ക്കറ്റ് ഉത്പന്നങ്ങളും കൊണ്ട് നിറച്ചു.കടയ്ക്ക് ചുറ്റും പൂമാലകൾ തൂക്കി.കടയ്ക്ക് മുന്നിൽ പൂക്കളമിട്ടു.ഭാർഗവനെയും ഭാര്യ ലീലയെയും ഓണക്കോടി അണിയിച്ചു. കടയ്ക്ക് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ചുവപ്പ് പരവതാനി വിരിച്ച് പന്തൽ ഒരുക്കി. തൂശനിലയിൽ ഭാർഗവനും ലീലയ്ക്കും മാത്രമല്ല പ്രദേശവാസികൾക്കും ഓണസദ്യ നൽകി.

ഓണനാളിൽ സദ്യയൊരുക്കാൻ വേണ്ട പലവ്യഞ്ജനവും വീട്ടിലേക്ക് വേണ്ട സാധനങ്ങളും പച്ചക്കറികളും ദമ്പതികൾക്ക് നൽകി.ഈ ഓണക്കാലത്ത് മനസ് നിറച്ച ഓണമൊരുക്കിയ സന്തോഷത്തിലായി ഓ മൈ ഗോഡ് പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ,അവതാരകരായ സാബു പ്ലാങ്കവിളയും,രജിത്തും, വിനീതയും,പാർവ്വതിയും.തിരുവോണദിവസം കൗമുദി ചാനലിലെ ഓ മൈ ഗോഡിൽ ഈ കഥ സംപ്രേഷണം ചെയ്യും.