general

ബാലരാമപുരം: ജില്ലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ കുറണ്ടിവിള വാർഡ് ഇപ്പോൾ അറിയപ്പെടുന്നത് തോവാളപ്പൂക്കളുടെ ഗ്രാമമെന്നാണ്.കുറണ്ടിവിളയിലെ പുഷ്പക്കൃഷി സോഷ്യൽ മീഡിയയിലും ചർച്ചാവിഷയമാവുകയാണ്.

നിരവധിപ്പേരാണ് ഇവിടുത്തെ പുഷ്പക്കൃഷി കാണാനെത്തുന്നത്.

പള്ളിച്ചൽ പഞ്ചായത്തിൽ 13 വാർഡുകളിലായി 25 ഏക്കറോളം ഭൂമിയിലാണ് പുഷ്പക്കൃഷി.ഇതിൽ കുറണ്ടിവിള വാർഡിലാണ് ഏഴര ഏക്കറിൽ പുഷ്പക്കൃഷിയും പച്ചക്കറിക്കൃഷിയും ചെയ്യുന്നത്.പയർ,​വെണ്ട,​പച്ചമുളക്,​അമരക്ക,​കത്തിരിക്ക,​തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്.തൊഴിലുറപ്പ്,​കുടുംബശ്രീ തൊഴിലാളികളാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾ നേതൃത്വം നൽകും.

ചാല കഴിഞ്ഞാൽ ജില്ലയിൽ ഓണപ്പൂക്കളുടെ പുതിയ കമ്പോളമാവുകയാണ് കുറണ്ടിവിള. കഴിഞ്ഞ മൂന്ന് വർഷമായി കുടുംബശ്രീ സംരംഭം വഴിയാണ് പൂക്കളും പച്ചക്കറിയും വിൽക്കുന്നത്. തോവാളപ്പൂക്കളെക്കാൾ ന്യായമായ നിരക്കിൽ പൂവില്പന വർഷം തോറും തകൃതിയായി നടന്നുവരുന്നെന്ന് വാർഡ് മെമ്പർ വിശ്വമിത്ര വിജയൻ പറഞ്ഞു. പരീക്ഷണാർത്ഥം കുറണ്ടിവിളയിൽ ആരംഭിച്ചെങ്കിലും തുടർന്ന് മറ്റ് വാർഡുകളിലേക്കും വ്യാപിക്കുകയായിരുന്നു പുഷ്പക്കൃഷി.പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വിത്ത് പാകലും പരിപാലനവും നടക്കുന്നത്.