തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ നിയന്ത്റണത്തിനുള്ള പദ്ധതികളിലെ പാളിച്ചകളിൽ നഗരസഭയ്ക്ക് മൗനം.

ഇന്നലെ നടന്ന കൗൺസിലിൽ തെരുവുനായ നിയന്ത്രണ പദ്ധതികൾ നടപ്പാക്കാനാവാത്തതിൽ കേന്ദ്രനിയമത്തെ പഴിചാരിയാണ് നഗരസഭ ഭരണസമിതി കൈയൊഴിഞ്ഞത്. കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്നാണ് ഭരണസമിതിയുടെ നിലപാട്. നായ കടിച്ചാൽ നഗരസഭയ്ക്ക് ഉത്തരവാദിത്വമില്ലെന്നാണ് വാദം.

നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം. 38 പേരെ കടിച്ചത് രണ്ട് നായ്ക്കളാണെന്ന് സ്ഥിരീകരിക്കാൻ പോലും നഗരസഭയ്ക്ക് കഴി‌ഞ്ഞില്ല. ഒരു നായ ചത്തോ എന്നതിലും ഉറപ്പില്ല. കൂടുതൽ നായ്ക്കൾക്ക് ഈ നായ വഴി പേവിഷബാധ ബാധിച്ചിട്ടുണ്ടോയെന്നും അറിയില്ല.

നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാവ സംഘടനയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ കൂട്ടത്തോടെ പ്രതിരോധ കുത്തിവയ്പ് നൽകുന്ന റിംഗ് വാക്സിനേഷൻ ആരംഭിച്ചു.ആറ്റുകാൽ,​നേമം,​പാപ്പനംകോട് ഭാഗങ്ങളിലെ 50ഓളം നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി.

രണ്ട് ഡോസ് പ്രതിരോധ വാക്സിനെങ്കിലും ഒരു നായ എടുക്കണമെന്നിരിക്കെ അതെടുക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല.ഒരു ഡോസ് മാത്രമേ നൽകുന്നുള്ളൂ. ഇത് പേവിഷബാധയുടെ തോത് വർദ്ധിപ്പിക്കാൻ ഇടയാക്കും.

പ്രത്യേക ഫീഡിംഗ് കേന്ദ്രം

പദ്ധതി ഒഴിവാക്കി

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് പ്രത്യേകം ഫീഡിംഗ് കേന്ദ്രം സജ്ജീകരിക്കുമെന്ന് നഗരസഭ തീരുമാനിച്ചെങ്കിലും അതൊഴിവാക്കി. 2022ൽ തീരുമാനിച്ച പദ്ധതി അന്നത്തെ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണും മേയറുമായുള്ള ശീതയുദ്ധത്തെ തുടർന്ന് നിലച്ചു. ആശുപത്രികൾ,സ്‌കൂളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ ഒഴിവാക്കി തെരുവുനായ്ക്കൾക്കായി പ്രത്യേക ഫീഡിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം.

വാക്കാലുള്ള

നവീകരണം മാത്രം

നഗരസഭയിലെ രണ്ട് വന്ധ്യംകരണ കേന്ദ്രങ്ങൾ നവീകരിച്ച് ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും നഗരസഭ അനങ്ങുന്നില്ല. വണ്ടിത്തടത്തെ വന്ധ്യംകരണകേന്ദ്രം നവീകരണത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുകയാണ്.പേട്ടയിലെ കേന്ദ്രത്തിനു വേണ്ടി 40 ലക്ഷം രൂപയുടെ പദ്ധതിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതും വെളിച്ചം കണ്ടില്ല.

ഒന്നു പറയാതെ മേയർ

തെരുവുനായ്ക്കളുടെ ശാസ്ത്രീയമായ പുനഃരധിവാസം അടക്കമുള്ളവ പരിശോധിക്കാം എന്നുള്ള ഒഴുക്കൻ മറുപടിയാണ് കൗൺസിലിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൽകിയത്.പെട്ടെന്ന് ഒന്നും ചെയ്യാനാകില്ലെന്നും ക്രമേണ മാത്രമേ നടക്കൂവെന്നും ചെയർപേഴ്സൺ പറഞ്ഞു. തെരുവുനായ നിയന്ത്രണത്തെപ്പറ്റി മേയറും പ്രതികരിച്ചില്ല. എന്നാൽ 38 പേരെ കടിച്ച നായയെ പിടിക്കാൻ സ്ക്വാഡിന് താനാണ് നിർദ്ദേശം നൽകിയതെന്ന് മേയർ പറഞ്ഞു. നായ കടിച്ചവരുടെ ചികിത്സാസഹായം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി മറുപടി നൽകിയില്ല. ഇതിനെതിരെ ബി.ജെ.പി കൗൺസിലർമാർ പ്ളക്കാർഡ് ഉയ‌ർത്തി പ്രതിഷേധിച്ചു.