sc

തിരുവനന്തപുരം: പട്ടിക വിഭാഗ സംവരണത്തിൽ ക്രീമിലെയറും, സബ് ക്ലാസിഫിക്കേഷനും ഏർപ്പെടുത്തെരുതെന്നാവശ്യപ്പെട്ട് സംവരണ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്കി. പട്ടിക വിഭാഗ സംവരണത്തിൽ ഉപസംവരണമോ ,ക്രീമിലെയറോ നടപ്പിലാക്കരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ സുപ്രീം കോടതിയുടെ 11 അംഗ ബഞ്ചിന്റെ വിധി നിലനില്ക്കേയാണ് ക്രീമിലെയർ നടപ്പാക്കാൻ സുപ്രീം കോടതിയുടെ ഏഴ് അംഗബഞ്ചിന്റെ പുതിയ വിധി വന്നിരിക്കുന്നത്. ഈ വിധി അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്.പട്ടിക വിഭാഗങ്ങളിലെ മേൽത്തട്ടിനെ തരം തിരിച്ച് സംവരണത്തിൽ നിന്നൊഴിവാക്കവാനുള്ള നീക്കം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനു വേണ്ടിയാണ്. ഇത് ഭാവിയിൽ ജാതി സംവരണം തന്നെ ഇല്ലാതാക്കും. രാജ്യവ്യാപകമായി ഉയർന്നു വന്ന പ്രതിഷേധങ്ങളെ തുടർന്ന്‌ പട്ടിക വിഭാഗ സംവരണത്തിൽ ക്രീമിലെയർ നടപ്പാക്കില്ല എന്ന് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത് കേരള സർക്കാരും അനുവർത്തിക്കണം.
25 പട്ടികജാതി പട്ടികവർഗ്ഗ സംഘടനകളുടെയും, ദലിത് സംഘടനകളുടെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സംവരണ സംരക്ഷണ സമിതി ഈ വിധിക്കെതിരെ റിവ്യൂ പെറ്റിഷൻ നല്കും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ വിധിയിലെ ക്രീമിലെയർ, ഉപസംവരണ നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കാൻ തയ്യാറാവരുതെന്ന് സംവരണ സംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെട്ടു. സംവരണ സംരക്ഷണ സമിതി കൺവീനർ കെ.അംബുജാക്ഷൻ, ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ്,
ദലിത് വിമെൻ കളക്ടീവ് സംസ്ഥാന പ്രസിഡൻ്റ് കെ.വത്സകുമാരി, കെ.ആർ.വിശ്വ കുമാർ, കല്ലറ ശശീന്ദ്രൻ , ദലിത് സമുദായ മുന്നണി നേതാക്കളായ ബിജോയ് ഡേവിഡ്, ഗോവിന്ദൻ കിളിമാനൂർ, ജ്യോതിഷ്കുമാർ, വിജയൻ മണ്ണന്തല എന്നിവർ സംസാരിച്ചു.