general

ബാലരാമപുരം: ഉൾക്കൊള്ളൽ, ഗുണമേന്മ, നൂതനത്വം എന്നിവയിൽ ഊന്നൽ നൽകുന്നതാണ് കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസമെന്നും ഓരോ കുട്ടിക്കും അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള പഠനത്തിനുള്ള സാദ്ധ്യതയാണ് സർക്കാർ ഉറപ്പാക്കുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ബാലരാമപുരം കോട്ടുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ച പുതിയ സെമിനാർ ഹാളിന്റെയും ആധുനിക രീതിയിലുള്ള ലൈബ്രറിയുടെയും റെക്കാഡ് മുറിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്യൂബസ് ടെക്നോളജീസ് സീനിയർ മാനേജർ സന്തോഷ് കുമാർ.വി.എ,​ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ നേമം ബ്ലോക്ക് മെമ്പർ ആർ.എസ്.വസന്തകുമാരി,​ വാർഡ് മെമ്പർ കോട്ടുകാൽക്കോണം സുനിൽകുമാർ,​ നെയ്യാറ്റിൻകര ഡി.ഇ.ഒ ഇബ്രാഹിം,​ പി.ടി.എ പ്രസിഡന്റ് മണിക്കുട്ടൻ,​ പ്രിൻസിപ്പൽ ശ്രീകുമാരി.എസ്.എസ്,​ ടീച്ചർ ഇൻ ചാർജ് കലാകുമാരി എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദുലാൽ സ്വാഗതവും അജീദർശ് നന്ദിയും പറഞ്ഞു.