തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിലെ ഓണാഘോഷം ഒഴിവാക്കി പകരം ആർ.സി.സിയിലെയും മെഡിക്കൽ കോളേജിലെയും രോഗികൾക്ക് പൊതിച്ചോറ് നൽകി തൈക്കാട് മോഡൽ ഹൈസ്‌കൂളിന്റെ നല്ല പാഠം.സ്‌കൂൾ പാർലമെന്റ് യോഗത്തിൽ ചെയർമാൻ സുബിത്താണ് ആശയം മുന്നോട്ടുവച്ചത്. വിതരണത്തിന് നാഷണൽ സർവീസ് സ്‌കീം മുന്നോട്ടുവന്നതോടെ കാര്യങ്ങൾ ഉഷാർ.5 മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ പൊതിച്ചോറുമായാണ് ഇന്നലെ സ്‌കൂളിലെത്തിയത്. എൻ.എസ്.എസ് വോളന്റിയർമാർ 700ലധികം പേർക്ക് പൊതിച്ചോർ വിതരണം ചെയ്തു. ഓണാഘോഷം ഒഴിവാക്കിയെങ്കിലും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കടലപ്പായസം വച്ചുനൽകി.