തിരുവനന്തപുരം: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സഹകരണസംഘത്തിലെ തട്ടിപ്പിൽ സഹകരണ വകുപ്പിന്റെ റിപ്പോർട്ടിന്റെ പകർപ്പ് ഇന്ന് ഫോർട്ട് പൊലീസിന് കൈമാറും. നൽകിയ പരാതികളിൽ കൂടുതൽ കേസുകളെടുത്ത് പൊലീസ്.ഇന്നലെയും 8 കേസുകൾ കൂടി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്തു.ഇതോടെ ആകെ 48 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പണം നഷ്ടമായതിൽ ആരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചത്, ആരാണ് തട്ടിപ്പ് നടത്തിയതെന്നടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. റിപ്പോർട്ടിലെ പരമാർശിക്കുന്നവരുടെ പേരിൽ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്യും. ക്രമക്കേടിലൂടെ 30 കോടി രൂപ നഷ്ടമായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.നിക്ഷേപങ്ങൾക്ക് സഹകരണ സംഘം രജിസ്ട്രാർ നിഷ്‌കർഷിക്കുന്നതിലധികം പലിശ നൽകി, അനുവാദമില്ലാതെ കളക്ഷൻ ഏജന്റുമാരെ നിയമിച്ച് അവർക്ക് കമ്മിഷൻ നൽകി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് വഞ്ചിയൂർ യൂണിറ്റ് ഇൻസ്‌പെക്ടർ സജീർ തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്.
8 കേസുകൾ കൂടി
തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്നലെ 8 കേസുകൾ കൂടി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്തതോടെ ആകെ 48 കേസുകളായി. കേസുകളെല്ലാം രജിസ്റ്റർ ചെയ്തശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും. ലഭിച്ച പരാതികളിലൊട്ടാകെ മൂന്നുകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. സംഘം മുൻ പ്രസിഡന്റുമായ എം.എസ്.കുമാറിനെ ഒന്നാംപ്രതിയാക്കിയും, മുൻ സെക്രട്ടറി ഇന്ദുവിനെ രണ്ടും, വൈസ് പ്രസിഡന്റായിരുന്ന മാണിക്യത്തെ മൂന്നാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്.