actor

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ലൈംഗികാതിക്രമം കാട്ടിയെന്ന തിരുവനന്തപുരത്തെ ഒരു നടിയുടെ പരാതിയിൽ കരമന പൊലീസാണ് കേസെടുത്തത്. കുറ്റകൃത്യം നടന്നത് തൊടുപുഴയിലായതിനാൽ എഫ്.ഐ.ആർ തൊടുപുഴ സ്റ്റേഷന് കൈമാറി. എസ്.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം കാട്ടിയെന്ന കൊച്ചിയിലെ ഒരു നടിയുടെ പരാതിയിൽ കഴിഞ്ഞദിവസം ജയസൂര്യയ്ക്കെതിരെ കന്റോൺമെന്റ് പൊലീസും കേസെടുത്തിരുന്നു.

സ്ത്രീത്വത്തിനെതിരായ അതിക്രമക്കുറ്റമടക്കം ചുമത്തിയാണ് പുതിയ കേസ്. 2013ൽ റിലീസ് ചെയ്ത 'പിഗ്‌മാൻ' സിനിമയുടെ തൊടുപുഴയിലെ ലൊക്കേഷനിൽ ടോയ്‌ലറ്റിൽ പോയി തിരികെവരുമ്പോൾ ജയസൂര്യ പിറകിലൂടെ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടിയുടെ പരാതി. ഉടൻ അദ്ദേഹത്തെ തള്ളിമാറ്റി. ശരീരത്തിൽ തൊടരുതെന്ന് വിലക്കി. പിന്നീട് ജയസൂര്യ മാപ്പുപറഞ്ഞു. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ലെന്നും ഉറപ്പുനൽകി. പിന്നീട് അദ്ദേഹത്തിൽ നിന്ന് ഇത്തരത്തിലുള്ള അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്ന് നടി പ്രസ്ക്ലബിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദത്തിലാണ്. തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പലതവണ സംഭാവന നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

അതിനിടെ, മറ്റു രണ്ടു നടിമാരുടെ പരാതിയിൽ രണ്ട് നടന്മാർക്കെതിരെ കോഴിക്കോട്ട് പൊലീസ് വിവരശേഖരണം തുടങ്ങി. ഇവർക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.