കുളത്തൂർ: എട്ടുവർഷമായി കാൽനടയാത്ര പോലും അസാദ്ധ്യമാംവിധം തകർന്ന കുളത്തൂർ - അരശുംമൂട് - തമ്പുരാൻമുക്ക് റോഡിന് ഒടുവിൽ ശാപമോക്ഷമായി.റോഡിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞദിവസം തുടങ്ങി. കഴക്കൂട്ടം - മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിലാണ് റോഡിന് ഈ ദുരവസ്ഥയുണ്ടായത്. ഗത്യന്തരമില്ലാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള അരശുംമൂട് - കുഴിവിള നിവാസികൾ സഞ്ചാര സ്വാതന്ത്ര്യത്തിനായി ദീർഘനാൾ സമരവും നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും അരങ്ങേറി,
അമൃത് പദ്ധതിയിൽ ഉൾപ്പെട്ട കഴക്കൂട്ടം - മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ആദ്യം തുടങ്ങിയത് അരശുംമൂട് - തമ്പുരാൻമുക്ക് റോഡിലാണ്. പണികൾ പൂർത്തിയാകാതെ അനന്തമായി നീണ്ടതും ഇവിടെയാണ്. ഊറ്റ് ഏറെയുള്ള ഈ ഭാഗത്ത് അശാസ്ത്രീയമായി മാൻഹോളുകളും പൈപ്പുകളും സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും തകരാർ കണ്ടെത്തി വീണ്ടും പൊളിച്ച് നിർമ്മിക്കേണ്ടിവന്നു. നിരവധി പാർപ്പിട സമുച്ചയങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ടെക്നോപാർക്ക് ഫേസ് ത്രീയിലൂടെ കടന്നുപോകുന്ന ഈ റോഡ് പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. ചെളിക്കുഴിയായ റോഡിലൂടെ സഞ്ചരിക്കാനാവാത്തതിനാൽ പലരും വീട് പൂട്ടി വാടക വീടുകളിലേക്ക് മാറി.വാഹനങ്ങൾ വീടുകളിൽ നിന്ന് പുറത്തെത്തിക്കാനാകാതെ ഉപയോഗശൂന്യമായി.
കേരളകൗമുദിക്ക് നന്ദി പറഞ്ഞ് ജനകീയ കൂട്ടായ്‌മ
റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് വാർത്ത നൽകിയ കേരളകൗമുദിക്ക് ജനകീയ കൂട്ടായ്മ നന്ദി പറഞ്ഞു. ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധത്തിനൊപ്പം കേരളകൗമുദി നിന്നതാണ് റോഡ് പണി ആരംഭിക്കാൻ ഇടയാക്കിയതെന്ന് ഭാരവാഹികളായ ലക്ഷമി,യുഹാസ്,സന്തോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.