കാട്ടാക്കട: അമിത വേഗത്തിൽ പൾസർ ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്. ഉറിയക്കോട് സ്വദേശി കിച്ചു(കിരൺ-29)വിനാണ് പരിക്കേറ്റത്. പൂവച്ചൽ - ഉറിയക്കോട് റോഡിൽ ഉണ്ടപാറയിലാണ് അപകടം. അമിത വേഗത്തിൽ വന്ന ബൈക്ക് തെന്നി മറ്റൊരു സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിടുകയും സമീപത്തെ ഒരു ഫാൻസി കടയിൽ ഇടിച്ചു കയറുകയുമായിരുന്നു. കടയുടെ മുന്നിലെ പ്ലാസ്റ്റിക്ക്-അലുമിനിയം പാത്രങ്ങൾ തകർന്നു.
അപകടത്തിൽ കിരണിന്റെ വാരിയെല്ലുകൾ, കാൽ എന്നിവയ്ക്ക് പൊട്ടലും വയറ്റിൽ ആഴത്തിൽ മുറിവും ഉണ്ടായി. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുംവഴി വെള്ളയമ്പലത്തു വച്ച് ആംബുലൻസ് അപകടത്തിൽപ്പെട്ടു. തുടർന്ന് ഇയാളെ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.