തിരുവനന്തപുരം: മലയാള സിനിമാ സെറ്റുകളിലെ കാരവാനുകളിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന തെന്നിന്ത്യൻ നടി രാധിക ശരത്കുമാറിന്റെ ആരോപണം മറ്റൊരു നടുക്കമായി.
ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വദിക്കുന്നത് നേരിട്ട് കണ്ടെന്നും ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാൻ ഉപയോഗിച്ചില്ലെന്നുമാണ് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
'' ഞാൻ നടന്നുപോകുമ്പോൾ കുറേപേർ എന്തോ വീഡിയോ ഒരുമിച്ചിരുന്ന് കാണുന്നു. ഇതെന്താണെന്ന് ഒരാളോട് ചോദിച്ചു. എല്ലാ കാരവനിലും ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്യാറുണ്ടെന്നും നടിമാരുടെ പേര് വച്ച് ഫോൾഡറിൽ തിരഞ്ഞാൽ ആ വീഡിയോ കാണാനാകുമെന്നും പറഞ്ഞു. അങ്ങനെ പെൺകുട്ടികൾ വസ്ത്രം മാറുന്ന വീഡിയോ ഞാൻ കണ്ടു. പിന്നീട് ബഹളംവച്ചു. എല്ലാവരെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു''
ഏത് സിനിമയുടെ ലൊക്കേഷനാണെന്ന് രാധിക പറഞ്ഞില്ല
കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റുകളിലും സ്ത്രീകൾക്കെതിരെ അതിക്രമം നടക്കാറുണ്ടെന്ന് അവർ വ്യക്തമാക്കി.'ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. 'നോ' എന്നു പറയാൻ പെൺകുട്ടികൾ പഠിക്കണം. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.''
രാമലീല, ദി ഗ്യബിനോസ്, ഇട്ടമാണി മെയ്ഡ് ഇൻ ചൈന, പവി കെയർ ടേക്കർ എന്നിവയാണ് അടുത്തകാലത്ത് രാധിക അഭിനയിച്ച മലയാള ചിത്രങ്ങൾ.
1977ൽ പി.എ.തോമസ് സംവിധാനം ചെയ്ത സ്വർണ്ണമെഡൽ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു തുടക്കം. 1978ൽ ഭാരതി രാജയുടെ കിഴക്കേപോകും റെയിൽ എന്ന തമിഴ്ചിത്രത്തിലൂടെയാണ് പ്രശസ്തയായത്.
രാധികയിൽ നിന്ന്
വിവരങ്ങൾ ശേഖരിക്കും
രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ നടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം. തുടർനടപടികൾ അതിന് ശേഷമെന്നും പൊലീസ് വ്യക്തമാക്കി.
മിനു മുനീറിന്റെ
രഹസ്യ മൊഴി
രേഖപ്പെടുത്തി
ആലുവ: പീഡന പരാതിയിൽ നടി മിനു മുനീർ ആലുവ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2 ൽ രഹസ്യ മൊഴി നൽകി. നടൻ ഇടവേള ബാബു, ലായേഴ്സ് കോൺഗ്രസ് മുൻ പ്രസിഡന്റ് അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ മജിസ്ട്രേറ്റ് അഞ്ജു ക്ലീറ്റസിനാണ് മൊഴി നൽകിയത്.
ജയസൂര്യയ്ക്കെതിരെ
കേസെടുത്തു
തൊടുപുഴ: ഷൂട്ടിംഗ് ലൊക്കേഷനിൽ നടൻ ജയസൂര്യ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ തൊടുപുഴ പൊലീസിന് കൈമാറിയതോടെയാണ് നടപടി. നടിയുടെ മൊഴി പകർപ്പും തൊടുപുഴ പൊലീസിന് ലഭിച്ചിട്ടുണ്ട്. 2013ൽ തൊടുപുഴയിൽ ജയസൂര്യ നായകനായ 'പിഗ്മാൻ' എന്ന സിനിമ ചിത്രീകരിച്ചിരുന്നു. ആ ഷൂട്ടിംഗ് സെറ്റിൽവച്ച് ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വഷണച്ചുമതലയുള്ള ഐ.ജി ജി. പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്.
പ്രാെഡക്ഷൻ മാനേജരുടെ
മുഖത്തടിച്ചു: കസ്തൂരി
തിരുവനന്തപുരം: മലയാള സിനിമ വിട്ടത് മോശം പെരുമാറ്റത്തെ തുടർന്നാണെന്ന് തെന്നിന്ത്യൻ നടി കസ്തൂരി. സംവിധായകനും പ്രൊഡക്ഷൻ മാനേജരും മോശമായി പെരുമാറിയെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടതെന്നും വെളിപ്പെടുത്തി. മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ കാര്യമായ പിന്തുണ നൽകാത്തതാണിപ്പോൾ എല്ലാവരും അനുഭവിക്കുന്നത്. കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന നടിമാരോട് ബഹുമാനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാൻ പാകത്തിൽ തെളിവില്ലെന്നും മലയാള സിനിമയിൽ ഇപ്പോഴുളളതെല്ലാത്തിനും തുടക്കമാണെന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും അത് വ്യാപിക്കട്ടെയെന്നും കസ്തൂരി പറഞ്ഞു.