ss

മലയാള സിനിമയുടെ അദ്ഭുതമാകാൻ ഒരുങ്ങുന്ന കത്തനാറിന്റെ തുടർ ചിത്രീകരണം യു.എസിൽ പുരോഗമിക്കുന്നു. ജയസൂര്യ ലൊക്കേഷനിൽ എത്തി. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ ബ്രഹ്മാണ്ഡ ചിത്രമായാണ് ഒരുങ്ങുന്നത്. ചരിത്രതാളുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കത്തനാർ. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. രണ്ടുവർഷത്തിലധികമായി മറ്റൊരു ചിത്രവും ചെയ്യാതെ കത്തനാറിൽ തന്നെയാണ് ജയസൂര്യ. കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്ളോറിൽ ആയിരുന്നു കത്തനാറിന്റെ പ്രധാന ലൊക്കേഷൻ.

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. അനുഷ്കയുടെ മലയാള അരങ്ങേറ്റം കൂടിയാണ്. പ്രഭുദേവ, വിനീത്, ഹരീഷ് ഉത്തമൻ, കോട്ടയം രമേഷ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഫിലിപ്പ്സ് ആന്റ് മങ്കിപെൻ , ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് റോജിൻ തോമസ്. ആർ. രാമാനന്ദ് ആണ് രചന. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. കത്തനാറിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ അറിയിച്ചിട്ടില്ല.