binu

കാട്ടാക്കട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് വിവിധ കേസുകളിലായി എട്ട് വർഷം കഠിനതടവും 30,000 രൂപ പിഴയും.കാട്ടാക്കട അമ്പലത്തിൻകാല കുളവിയോട് പ്രിയ ഭവനിൽ കുട്ടൻ എന്നുവിളിക്കുന്ന ബിനുകുമാറിനെയാണ് (51) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ടുമാസം അധിക കഠിന തടവുകൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.പ്രതിയുടെ പീഡനത്തെതുടർന്ന് ഇപ്പോഴും സി.ഡബ്ലിയു.സി യുടെ സംരക്ഷണയിൽ കഴിയുന്ന അതിജീവിതയ്ക്ക് പിഴത്തുക അപര്യാപ്തമായതിനാൽ കൂടുതൽ ധനസഹായം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

കുട്ടി ഒൻപതാംക്ലാസിലായിരുന്ന 2022ലെ ഓണക്കാല അവധി സമയത്തായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് വീട്ടിലില്ലാതിരുന്ന സമയങ്ങളിൽ പ്രതി അതിക്രമിച്ചെത്തി പീഡിപ്പിക്കുകയായിരുന്നു.അന്നത്തെ കാട്ടാക്കട പൊലീസ് സബ് ഇൻസ്‌പെക്ടർ ടി.ജയരാജാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.