വെള്ളറട: പനച്ചമൂട് ചന്തയിലെ വ്യാപാരികൾക്ക് താത്കാലിക ആശ്വാസമായി തറ കോൺക്രീറ്റ് ചെയ്ത് ആവശ്യമില്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞ് പടുകൂറ്റൻ ഷെഡ് നിർമ്മിച്ചു നൽകി.മാസങ്ങളായി ചന്തയ്ക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡുവക്കിൽ മഴയും വെയിലുമേറ്റായിരുന്നു കച്ചവടം.ഇതിന് പരിഹാരമാണ് ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 6 കോടിരൂപ ചെലവഴിച്ചുള്ള ആധുനിക മത്സ്യമാർക്കറ്റിന്റെ നിർമ്മാണം അതിവേഗം നടക്കുകയാണ്.ഇതും ക്രിസുമസോടുകൂടി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മാർക്കറ്റിലെ മാലിന്യങ്ങൾ ദിവസവും സംസ്കരിക്കാനുള്ള സംവിധാനവും മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനവുമുണ്ടാവും. ലഘുഭക്ഷണ ശാലകൾ,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്‌ലെറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.ചന്ത ഹൈടെക് ആകുന്നതോടെ പരിസരവാസികൾക്കും കച്ചവടക്കാർക്കും ഏറെ ഗുണമാകും.പുതിയ ഓടകൾ കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ചതോടെ ഇനി മാർക്കറ്റിനുള്ളിൽ മലിന ജലം കെട്ടിനിൽക്കില്ല.