വിഴിഞ്ഞം: കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തിയ കൂറ്റൻ കപ്പലായ എം.എസ്.സി ഡെയ്ല ഇന്ന് രാവിലെ തുറമുഖത്തു നിന്നും മടങ്ങും. ഫീഡർ കപ്പൽ അഡു 5 ഇന്ന് ബർത്തിലെത്തും. ഡെയ്ലയിൽ നിന്നും കണ്ടെയ്‌നർ ഇറക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനാലാണ് ഇന്നലെ രാവിലെ എത്തിയ ഫീഡർ കപ്പൽ പുറംകടലിൽ നങ്കൂരമിട്ടതെന്ന് അധികൃതർ പറഞ്ഞു. മറ്റൊരു ഫീഡർ കപ്പൽ അഡെലെ 8ന് വിഴിഞ്ഞത്തെത്തും.
ചരക്കുമായി ഓറിയോൺ എന്ന കപ്പലും നാളെ വിഴിഞ്ഞത്തെത്തും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.എസി) ചാർട്ട് ചെയ്‌ത കപ്പലുകളാണ് നിലവിലെത്തുന്നത്. ഡെയ്ലയിൽ നിന്നും ഇന്നലെ വൈകിട്ടോടെ 1000ലേറെ കണ്ടെയ്‌നറുകൾ ഇറക്കി. ശേഷിക്കുന്ന 1000ഓളം കണ്ടെയ്‌നറുകൾ ഇറക്കിയ ശേഷം എം.എസ്.സി ഡെയ്ല ഇന്ന് രാവിലെ 7ഓടെയാണ് ശ്രീലങ്കയിലേക്ക് തിരിക്കും. ഇതിനുപിന്നാലെ അഡു 5 ഫീഡർ കപ്പലിൽ വിഴിഞ്ഞത്ത് നിന്നും കണ്ടെയ്‌നറുകൾ കയറ്റുന്ന ജോലി തുടങ്ങും.
ശേഷിക്കുന്ന കണ്ടെയ്‌നറുകൾ നാളെ 15,000ലധികം കണ്ടെയ്‌നറുകളുമായെത്തുന്ന ഓറിയോൺ എന്ന കപ്പലിലും അഡെലെ എന്ന ഫീഡർ കപ്പലിലും കയറ്റും. തുറമുഖ കമ്മിഷനിംഗിന് മുമ്പ് ഫീഡർ കപ്പലുകൾ ഉൾപ്പെടെ പത്തോളം കപ്പലുകൾ വിഴിഞ്ഞം തുറമുഖത്തെത്തി ചരക്കുനീക്കം നടത്തും.
ക്രെയിനുമായി കപ്പലെത്തും
ആദ്യഘട്ടത്തിൽ തുറമുഖത്ത് വേണ്ട ക്രെയിനുകളിൽ ശേഷിക്കുന്ന ഒരു യാർഡ് ക്രെയിനുമായി
ഈ മാസം പകുതിയോടെ ചൈനയിൽ നിന്നും കപ്പലെത്തുമെന്ന് അധികൃതർ പറഞ്ഞു.
മന്ത്രി തുറമുഖം സന്ദർശിച്ചു
വിഴിഞ്ഞം തുറമുഖത്തിന്റെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി വി.എൻ.വാസവൻ തുറമുഖം സന്ദർശിച്ചു. ട്രയൽ റണ്ണിന്റെ പ്രവർത്തനങ്ങളും പുരോഗതിയും അദ്ദേഹം വിലയിരുത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ ഇതുവരെയുള്ള പ്രവർത്തനം വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഒന്നാംഘട്ട പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ മന്ത്രി തുറമുഖ കമ്പനി അധികൃതരുമായി ചർച്ച നടത്തി.
ഫോട്ടോ: തുറമുഖത്തെത്തിയ കപ്പൽ കാണാൻ
വിഴിഞ്ഞം ഫിഷ്ലാന്റിന് സമീപത്തെത്തിയവർ
ഫോട്ടോ: മന്ത്രി വി.എൻ.വാസവൻ തുറമുഖ വകുപ്പ്
അധികൃതരുമായി ചർച്ച നടത്തുന്നു