കോവളം: വാഴമുട്ടത്തും സമീപപ്രദേശങ്ങളിലെ ഖനനം ചെയ്‌ത പാറമടകളിലും പ്ലാസ്റ്റിക് ചാക്കിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്‌തു. കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
പൂങ്കുളം വാർഡിലെ പാറമടകളിലും ഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിന് സമീപമുള്ള ചെമ്പൻവിള റോഡരികിലുമാണ് രാത്രിയിൽ മാലിന്യം നിക്ഷേപിച്ചിരുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്നെത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളുമാണ് ഏഴ് ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്‌തത്. കഴക്കൂട്ടത്തുള്ള സ്വകാര്യ ഹോട്ടലിലെ മാലിന്യങ്ങളാണ് ചാക്കിൽക്കെട്ടി നിക്ഷേപിച്ചതെന്ന് തിരുവല്ലം സോണൽ ആരോഗ്യവകുപ്പ് എച്ച് .ഐ രജിതാ റാണി പറഞ്ഞു.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരളയ്ക്ക് കൈമാറുമെന്നും ജൈവ മാലിന്യങ്ങൾ കുഴിച്ചുമൂടാൻ നടപടിയെടുക്കുമെന്നും ഇവർ അറിയിച്ചു. വാർഡ് കൗൺസിലർ പ്രമീളയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പരിശോധനയിൽ മാലിന്യങ്ങളിൽ നിന്ന് കിട്ടിയ തെളിവുകൾ ഉപയോഗിച്ച് ഹോട്ടൽ ഉടമകൾക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.