വെള്ളറട: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനിടെ ക്യാബിനിലേക്ക് പാറയിളകി വീണ് അപകടത്തിൽപെട്ട ഓപ്പറേറ്ററെ രക്ഷപ്പെടുത്തി. കോവില്ലൂർ ചന്തമുക്കിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
നഗരൂർ കുന്നാട്ടുകോണം കടയിൽ വീട്ടിൽ ജിജോയെ ആണ് (38) രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വെള്ളറട പൊലീസും നെയ്യാർഡാം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചത്. ഇയാളുടെ കാലിന് പരിക്കുണ്ട്. പൊന്നമ്പി സ്വദേശി കിങ്സ്‌ലിയുടെ പുരയിടത്തിൽ വീട് നിർമ്മാണത്തിനുവേണ്ടി പാറപൊട്ടിച്ച് നീക്കം ചെയ്യുന്നതിനുള്ള കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനാണ് ജിജോ.
ക്യാബിനിൽ കുടുങ്ങിയ ഓപ്പറേറ്ററെ മറ്റൊരു ജെ.സി.ബി കൊണ്ടുവന്ന് പാറ നീക്കിയശേഷമാണ് രക്ഷപ്പെടുത്തിയത്. ഇയാളെ വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.