കല്ലറ: 22കാരിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6ന്കുമ്മിൾ ഇരുന്നൂട്ടി സ്വദേശി അനന്യ പ്രിയയെ (22) വീടിന് പുറത്തെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. തുടർന്ന് കടയ്ക്കൽ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.അതേസമയം, തൂങ്ങിമരണം സ്ഥിരീകരിക്കുന്നതിനുള്ള കയറോ തുണിയോ കുളിമുറിയിൽ നിന്ന് ലഭിച്ചിട്ടില്ല. അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് 6ഓടെ വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയ യുവതി അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ കതകിൽ മുട്ടിയിട്ടും തുറക്കാത്തതിനാൽ തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.അമ്മയുടെ നിലവിളികേട്ട് നാട്ടുകാരെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു.തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിക്കാത്തതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.മാത്രമല്ല കുളിമുറിയിൽ അതിനുള്ള സാഹചര്യവുമില്ലെന്ന് നാട്ടുകാർ പറയുന്നു.