നെടുമങ്ങാട്: വീട്ടിൽ ഉറക്കത്തിലായിരുന്ന സ്ത്രീയുടെ മാല മോഷ്ടിച്ചു.ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. വലിയമല ഉഴപ്പാക്കോണം അരുവിക്കുഴി ശരവണ ഭവനിൽ വി.രാജന്റെ ഭാര്യ ആർ.ശാന്തിയുടെ നാല് പവൻ മാലയാണ് നഷ്ടപ്പെട്ടത്.രണ്ടാമത്തെ നിലയുടെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.മാല പൊട്ടിച്ചെടുത്ത ശേഷം കൈയിൽ നിന്ന് വള മുറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ശാന്തി ഉണരുകയായിരുന്നു.ശാന്തിയുടെ നിലവിളി കേട്ട് സമീപത്തെ മുറിയിൽ കിടന്ന മകൾ എണീറ്റപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മഴയുണ്ടായിരുന്നതിനാൽ വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് ശാന്തി പറഞ്ഞു.ഡോഗ് സ്ക്വാഡ്,ഫോറൻസിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി.വലിയമല പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ അറിയിച്ചു.