തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പട്ടികജാതി, പട്ടികവർഗ വിഭാഗ ശാക്തീകരണ ഭാഗമായി ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ആദ്യചിത്രം 'ചുരുൾ' മികച്ച പ്രേക്ഷക പ്രശംസ നേടി. പ്രദർശനോദ്ഘാടനം ശ്രീ തിയേറ്ററിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പിന്നാക്ക വിഭാഗ കലാകാരന്മാരെ മുഖ്യധാരയിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അരുൺ ജെ.മോഹൻ സംവിധാനം ചെയ്ത ചുരുൾ വെള്ളിയാഴ്ച 47 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ഒരു റിട്ടയേർഡ് പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വിവേചനവും ചിന്തയും സിനിമ ചർച്ച ചെയ്യുന്നു. പ്രമോദ് വെളിയനാടിന്റെ അഭിനയം ശ്രദ്ധേയമാണ്. രാഹുൽ രാജഗോപാൽ, ഡാവിഞ്ചി, അഖില നാഥ്, ഗോപൻ മങ്ങാട്, രാജേഷ് ശർമ്മ, കലാഭവൻ ജിന്റോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, എം.ഡി ആഷിക് ഷെയ്ഖ്, കൗൺസിലർ ഹരികുമാർ സി. എന്നിവർ സംസാരിച്ചു.