പാറശാല: പാറശാല ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് കോൺഗ്രസ് പക്ഷത്തെ പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കുള്ളിൽ കഴിഞ്ഞ ദിവസം രാവിലെ മുതൽ നടത്തിയ സത്യഗ്രഹ സമരം മുൻ എം.എൽ.എ എ.ടി.ജോർജ് ഇടപെട്ടതിനെ തുടർന്ന് രാത്രി 8ഓടെ അവസാനിപ്പിച്ചു.
സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം നിഷേധിച്ചതായും ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് എതിരെയാണ് പ്രതിപക്ഷാംഗങ്ങൾ സമരം തുടർന്നത്.എന്നാൽ പിന്നീട് ജില്ലാപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസിലെ മുൻ എം.എൽ.എ എ.ടി.ജോർജും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നുണ്ടായ ധാരണകളെ തുടർന്ന് പ്രതിപക്ഷം സമരം അവസാനിപ്പിക്കുകയായിരുന്നു.പ്രതിപക്ഷത്തിന് തർക്കമുള്ളതും വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്യാമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സമ്മതിച്ചതായി പറയുന്നു.