തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണസംഘത്തിലെ സാമ്പത്തിക തിരിമറിയിൽ പൊലീസിന് സഹകരണവകുപ്പ് നൽകിയ റിപ്പോർട്ട് അവ്യക്തം.ഏതുകാലം മുതലാണ് സാമ്പത്തികശോഷണം ഉണ്ടായത്, ഓഡിറ്റ് നടത്തിയവർ ആരൊക്കെ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ഇതോടെ കൃത്യത വരുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് തിരികെ റിപ്പോർട്ട് സഹകരണവകുപ്പിന് മടക്കി നൽകി.

സംഘത്തിൽ 2003-04 കാലയളവ് മുതൽ ആസ്തി മൂല്യശോഷണമുണ്ടായെന്ന് സഹകരണവകുപ്പിന്റെ 65 നിയമപ്രകാരമുള്ള റിപ്പോർട്ടുണ്ട്.2980 രൂപയാണ് ഇക്കാലയളവിൽ മൂല്യശോഷണമുണ്ടായതെങ്കിൽ 2019-20 കാലയളവായപ്പോഴേക്കും 20.82 കോടിയുടെ ആസ്തി ശോഷണമുണ്ടായി.എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് കണ്ടിജൻസി വിഭാഗത്തിൽ ഓരോ ഇനങ്ങളിലും ഭീമമായ തുകകൾ ചെലവഴിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.സംഘത്തിലെ തിരിമറിയിൽ 10 കേസുകൾ കൂടിയെടുത്ത് ഫോർട്ട് പൊലീസ്.ഇതോടെ ആകെ കേസുകളുടെ എണ്ണം 56 ആയി.സംഘം മുൻ പ്രസിഡന്റ്,സെക്രട്ടറി,വൈസ് പ്രസിഡന്റ്,ബോർഡംഗങ്ങൾ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.