1

കീഴടങ്ങിയ പ്രതിയെ മൂന്ന് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് ക്രിമിനൽ കേസ് പ്രതികളായ 13 പേർക്ക് പാസ്‌പോർട്ടുകൾ തരപ്പെടുത്തി നൽകിയ കേസിൽ രാജ്യത്തിന് പുറത്തു പോയവരുടെ വിവരശേഖരണം നടത്തും. ഇതിനായി കേന്ദ്ര സഹായം തേടാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. 2018 മുതൽ നൽകിയ പാസ്‌പോർട്ടിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിക്കും.ഏതൊക്കെ രാജ്യത്താണ് ഇവർ പോയതെന്നാണ് ആദ്യം കണ്ടെത്തുന്നത്. തുടർന്നാണ് കേന്ദ്രത്തെ ബന്ധപ്പെട്ട് മറ്റ് നീക്കങ്ങൾ അന്വേഷണസംഘം നടത്തുന്നത്.

സംഭവത്തിൽ 3 മാസമായി ഒളിവിലായിരുന്ന തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ

അൻസിൽ അസീസ് ക്രൈംബ്രാഞ്ചിന്റെ ജവഹർ നഗറിലുള്ള ഓഫീസിലെത്തി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് അൻസിൽ.വിശദമായ ചോദ്യം ചെയ്യലിനായി അൻസിലിനെ മൂന്ന് ദിവസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.തുടർന്ന് പാസ്‌പോർട്ട് നിർമ്മിച്ച വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.കൂടുതൽ സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കും.

സംഭവശേഷം ഒളിവിൽപ്പോയ അൻസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് കോടതി തള്ളിയതിനു പിന്നാലെയാണ് പ്രതി കീഴടങ്ങിയത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്‌പോർട്ട് വെരിഫിക്കേഷൻ വിഭാഗത്തിൽ അൻസിൽ ഉണ്ടായിരുന്നു. വ്യാജ രേഖയാണെന്ന് അറിഞ്ഞിട്ടും വൻ തുക കൈക്കൂലി വാങ്ങി വെരിഫിക്കേഷൻ ക്ലിയർ ചെയ്ത് നൽകിയെന്നാണ് കേസ്.

പൂന്തുറ,തുമ്പ,കഴക്കൂട്ടം സ്റ്റേഷനുകളിൽ 2018 മുതൽ വെരിഫിക്കേഷൻ ചെയ്ത പാസ്‌പോർട്ടുകളിൽ പലതും വ്യാജമാണെന്നാണ് സംശയം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി പാസ്‌പോർട്ട് വെരിഫിക്കേഷന് നൽകിയ രേഖയിൽ കാണിച്ച വിലാസത്തിൽ പൊലീസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് സംഭവം പുറത്തായത്.