
കുളത്തൂർ: കുറഞ്ഞ സമയത്തിൽ അടിയന്തര സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കിയ ആറ്റിപ്ര വില്ലേജ് ഓഫീസ് ശ്രദ്ധനേടുന്നു. സ്‌മാർട്ട് വില്ലേജായി നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവിടുത്തെ സാങ്കേതിക സംവിധാനങ്ങൾ വില്ലേജ് ഓഫീസർ പി.സി.ബീനയുടെ നേതൃത്വത്തിൽ കുറ്റമറ്റതാക്കിയതിലൂടെയാണിത് സാദ്ധ്യമായത്.
മൂന്നുവർഷം മുമ്പ് ആധുനിക രീതിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും സേവനങ്ങളിൽ മെല്ലെപ്പോക്കുണ്ടായി. ഐ.ടി നഗരമായ ടെക്നോപാർക്ക് ഉൾപ്പെടുന്ന വില്ലേജിന്റെ അവസ്ഥയിൽ പരാതി വ്യാപകമായിരുന്നു. പ്രഗത്ഭരായ പലരും വില്ലേജ് ഓഫീസറായെങ്കിലും സ്‌മാർട്ട് വില്ലേജ് എന്ന ആശയം പൂർത്തിയാക്കാനായില്ല. ഇതിനിടെ 2023 മാർച്ചിൽ ചുമതലയേറ്റെടുത്ത പി.സി.ബീന മാറ്റങ്ങൾ വേഗത്തിലാക്കുകയായിരുന്നു.
ജീവനക്കാരുടെ കുറവുണ്ടായിട്ടും കുറഞ്ഞ സമയത്തിൽ സേവനങ്ങൾ ലഭ്യമാക്കി. ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തിയാലും ഇവർ കർമ്മനിരതയാകും. രാത്രി വൈകിയും ഓൺലൈൻ സേവനങ്ങൾക്കായിട്ടുള്ള അപേക്ഷകൾ തീർപ്പാക്കുന്നതായിരുന്നു രീതി. സർക്കാർ പുറമ്പോക്ക് ഭൂമി സംരക്ഷിക്കാനും കാര്യക്ഷമമായി നികുതി പിരിക്കാനും റവന്യു റെക്കാഡുകൾ സംരക്ഷിക്കാനുമായി. അനധികൃത നിലം നികത്തൽ,കൈയേറ്റങ്ങൾ എന്നിവയ്‌ക്കെതിരെയും ശക്തമായ നടപടിയെടുത്തു.
സർട്ടിഫിക്കറ്റുകൾ അതിവേഗം
വരുമാന സർട്ടിഫിക്കറ്റ്,കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,കൈവശാവകാശ സർട്ടിഫിക്കറ്റ്,ഫാമിലി മെമ്പർഷിപ്പ്,ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ്,അവകാശി നിശ്ചയ സർട്ടിഫിക്കറ്റ്,ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്, വാല്യുവേഷൻ സർട്ടിഫിക്കറ്റ്,സോൾവൻസി സർട്ടിഫിക്കറ്റ്,റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്,വിധവ സർട്ടിഫിക്കറ്റ്,നാേൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്,ലൊക്കേഷൻ സർട്ടിഫിക്കറ്റ്,സ്‌കെച്ച്,അഗതി സർട്ടിഫിക്കറ്റ്,ആശ്രിത സർട്ടിഫിക്കറ്റ്,വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്,ലൈഫ് സർട്ടിഫിക്കറ്റ്,നോൺ റീമാരേജ് സർട്ടിഫിക്കറ്റ് തുടങ്ങി 23ഓളം സർട്ടിഫിക്കറ്റുകളാണ് നിശ്ചിത സമയപരിധിയിൽ പരിശോധിച്ച് നൽകേണ്ടത്. ചില അപേക്ഷകളിൽ വ്യക്തതക്കായി ഫോൺ വിളിച്ചും ഫീൽഡിൽ പോയി പരിശോധിച്ച ശേഷവുമാണ് തീർപ്പാക്കുന്നത്.
റവന്യൂ റിക്കവറിയിൽ നേട്ടം
ആറ്റിപ്ര വില്ലേജിൽ 2023-24 വർഷത്തിൽ ഒന്നരക്കോടി രൂപയാണ് റവന്യൂ റിക്കവറിയിലൂടെ സർക്കാരിനുലഭിച്ചത്. കഴിഞ്ഞ ജൂലായിൽ നികുതിയിനത്തിൽ 69 ലക്ഷം രൂപ പിരിച്ചു. ആക്കുളം കൺവെൻഷൻ സെന്റർ,ടെക്‌നോപാർക്ക് എന്നിവിടങ്ങളിലെ വർഷങ്ങളായി മുടങ്ങിക്കിടന്ന ഭൂമിപതിക്കൽ അപേക്ഷകളിൽ തീരുമാനമായതും നേട്ടമായി.