തിരുവനന്തപുരം: മകളുടെ തൂങ്ങിമരണത്തിന് കാരണക്കാരനെന്ന് ആരോപിച്ച് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പിതാവും ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരും പിടിയിൽ. നെടുമങ്ങാട് സ്വദേശിയായ സന്തോഷ്,ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്,മനു എന്നിവരെ മണ്ണന്തല പൊലീസാണ് അറസ്റ്റുചെയ്‌തത്. സൂരജ്,മനു എന്നിവർ നിരവധി കേസുകളിലെ പ്രതികളാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ സന്തോഷിന്റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം സുഹൃത്തായ അനുജിത്താണെന്ന് ആരോപിച്ചാണ് സന്തോഷ് ക്വട്ടേഷൻ നൽകിയത്. യുവാവ് സൗഹൃദം സ്ഥാപിച്ച് പണം കൈക്കലാക്കി പറ്റിച്ച ദുഃഖത്തിലാണ് മകൾ തൂങ്ങിമരിച്ചതെന്നാണ് സന്തോഷ് പൊലീസിനോട് പറഞ്ഞത്. അന്ന് വിദേശത്തായിരുന്ന സന്തോഷിന് മകളുടെ വിയോഗം താങ്ങാനായില്ല. തുടർന്നാണ് നാട്ടിലെത്തി അനുജിത്തിനെ അപായപ്പെടുത്താൻ പദ്ധതിയിട്ടത്. സന്തോഷിന്റെ ബന്ധുവായ ജിജുവാണ് ക്വട്ടേഷൻ സംഘത്തെ പരിചയപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്.
രണ്ടുതവണയാണ് ക്വട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ചത്. കഴിഞ്ഞ 27ന് രാവിലെ 9.45ന് മണ്ണന്തല മുക്കോല ബീക്കൺ ഫ്ളാറ്റിന് സമീപത്തുവച്ച് അനുജിത്തിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു. പൊലീസ് സ്റ്റേഷനിലെത്തി അനുജിത്ത് കാര്യം പറഞ്ഞപ്പോൾ അവർ നടത്തിയ പരിശോധനയിലാണ് അടിയേറ്റാണ് അനുജിത്ത് വീണതെന്ന് പൊലീസിന് മനസിലായത്. തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കൾ അനുജിത്തിനെ നിരന്തരം പിന്തുടരുന്നതായി കണ്ടെത്തിയത്.
ഇന്നലെ ഉള്ളൂരിൽ നിന്ന് ഇവരെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് സന്തോഷിന്റെ പേര് പുറത്തായത്. തുടർന്ന് സന്തോഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകളുടെ ആത്മഹത്യയ്ക്കുള്ള പ്രതികാരമായി അനുജിത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന് സന്തോഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രതികളുടെ റിമാൻഡ് ചെയ്‌തു.
ക്വട്ടേഷൻ തുക രണ്ടുലക്ഷം
സന്തോഷ് ക്വട്ടേഷൻ സംഘത്തിന് രണ്ടുലക്ഷം രൂപ നൽകിയെന്നാണ് വിവരം. അനുജിത്തിനെ കൊലപ്പെടുത്താൻ രണ്ടുതവണ പ്രതികൾ ശ്രമിച്ചു.ഒരു തവണ വട്ടപ്പാറ വച്ച് അനുജിത്തിനെ ഈ സംഘം കാറിടിച്ച് വീഴ്‌ത്തിയിരുന്നു. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും അപകടമാണെന്നാണ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം നടത്തിയ തെരച്ചിലിലാണ് പ്രതികളെ മണ്ണന്തല പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടിയത്.