പതിനേഴാം നൂറ്റാണ്ടിലെ ജാപ്പനീസ് സാഹിത്യത്തിൽ ഉദയം ചെയ്ത കാവ്യരൂപമായ ഹൈക്കു മലയാളികൾക്ക് അത്രയേറെ പരിചിതമല്ല. ലോകത്തിലെ ഏറ്റവും ഹ്രസ്വമായ കാവ്യരൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈക്കു കവിതകൾ ഇന്ത്യയിലെത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ജപ്പാൻ സന്ദർശിച്ച മഹാകവി രവീന്ദ്രനാഥ ടാഗോറിലൂടെയാണ്. ഹൈകുവിന്റെ ലാളിത്യവും അഗാധതലസ്പർശിയായ ആവിഷ്കാരതന്ത്രവും മഹാകവിയെ ആകർഷിച്ചു. നിരവധി ജാപ്പനീസ് ഹൈകുകൾ അദ്ദേഹം ബംഗാളിയിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു.
ഇംഗ്ലീഷിൽ ഹൈക്കു കവിതകളെഴുതി പ്രശസ്തരായ മലയാളികൾ അധികമാരുമില്ലാതിരിക്കെയാണ്, സുരാജ് നാണു എന്ന മലയാളിയുടെ ഹൈക്കു കവിതകൾ അമേരിക്ക, ഇംഗ്ലണ്ട്, അയർലണ്ട്, ജപ്പാൻ, ബൾഗേറിയ, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുകയും പ്രശംസ നേടുകയും ചെയ്യുന്നത്. ജാപ്പനീസ്, ജർമൻ, ബൾഗേറിയൻ ഭാഷകളിലേക്ക് സുരാജിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2020 മുതൽ 2024 വരെ വിവിധ രാജ്യങ്ങളിലെ ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട, സുരാജ് നാണുവിന്റെ ഹൈകു കവിതകളുടെ സമാഹാരമാണ് 'ദി വണ്ടർലസ്റ്റ് മൂൺ' എന്ന പേരിൽ ഇപ്പോൾ പുസ്തകമായിരിക്കുന്നത്. മുതിർന്ന ജാപ്പനീസ് ഹൈകു കവിയും നിരൂപകനും അക്കിത്ത ഇന്റർനാഷണൽ ഹൈകു നെറ്റ്വർക്കിന്റെ സ്ഥാപക ഡയറക്ടറുമായ ഹിഡനോറി ഹിരുത ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
അമേരിക്കയിലെ അറിയപ്പെടുന്ന ഹൈകു കവിയും ചിത്രകാരിയും ഗ്രന്ഥകാരിയുമായ ക്രിസ്റ്റിനെ എൽ . വില്ല പുസ്തകത്തിന് കവർ ചിത്രം വരച്ചിരിക്കുന്നു. ഹൈകുവിന്റെ രചനാതന്ത്രവും ആസ്വാദനരീതിയും വിശദമാക്കുന്ന ദീർഘമായ ആമുഖ ലേഖനം പുതു വായനക്കാർക്ക് ഏറെ പ്രയോജനപ്രദമാണ്. തിരുവനന്തപുരം വർക്കല സ്വദേശിയായ സുരാജ് ഇപ്പോൾ വായനാട്ടിൽ പനമരത്താണ് സ്ഥിരതാമസം. 'റെക്ടർ ആൻഡ് വെർസോ" പ്രസിദ്ധീകരിച്ച പുസ്തകം ആമസോൺ വഴിയാണ് വിതരണം ചെയ്യുന്നത്. സുരാജ് നാണു പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായും, പട്ടിക വർഗ ക്ഷേമവകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.