d

മേപ്പാടി: ഒന്നരദിവസം.. രാപകൽ ഭേദമില്ലാതെ സൈന്യത്തിന്റെ അദ്ധ്വാനത്തിൽ ബെയ്ലി പാലം തയ്യാറായി. ഇരുട്ടിന്റെ മറവിൽ ആർത്തലച്ചെത്തിയ മലവെള്ളം രണ്ട് തുരുത്തുകളാക്കി മാറ്റിയ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ രക്ഷാകവാടമാണ് ഇനി ഈ പാലം. ഉരുളിന്റെ താണ്ഡവത്തിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ പ്രദേശത്തെത്താൻ രക്ഷാപ്രവർത്തകരുടെ ഏകമാർഗം.

ഇനി ഇതിലൂടെ കടന്നാകും ജീവന്റെ ശേഷിപ്പുകളെ രക്ഷാപ്രവർത്തകർ തേടുക. തകർന്നുവീണ മേൽക്കൂരകൾ പൊട്ടിച്ചും കൂറ്റൻ കല്ലുകൾ മാറ്റിയും മണ്ണുമാന്തി യന്ത്രങ്ങൾ തെരച്ചിൽ തുടരും. ഉരുൾപൊട്ടലിൽ നിലവിലെ പാലം തകർന്നതോടെ താത്കാലിക പാലം നിർമ്മിച്ചും വടംകെട്ടിയും ഹെലികോപ്ടർ എത്തിച്ചുമാണ് ആദ്യദിവസങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് നിർമ്മാണം തുടങ്ങിയത്. ഇന്നലെ വൈകിട്ട് പൂർത്തിയായി. നിർമ്മാണത്തിനായി ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങളിൽ എത്തിച്ച സാമഗ്രികൾ ട്രക്കുകളിലാണ് ചൂരൽമലയിൽ ഇറക്കിയത്. ബംഗളൂരുവിൽ നിന്ന് കരമാർഗവും സാമഗ്രികളെത്തിച്ചു.

ബെയ്ലി പാലം

1.പ്രീ- ഫ്രാബിക്കേറ്റഡ് ഉരുക്കു സാമഗ്രികളടക്കം ഉപയോഗിച്ചാണ് എടുത്തുമാറ്റാവുന്ന പാലം നിർമ്മിക്കുന്നത്

2.രണ്ടാംലോക മഹായുദ്ധകാലത്ത് ഉത്തര ആഫ്രിക്കയിൽ ബ്രിട്ടീഷ് സൈന്യമാണ് ആദ്യമായി പരീക്ഷിച്ചത്

3.ബ്രിട്ടീഷ് എൻജിനിയറായിരുന്ന ഡൊണാൾഡ് ബെയ്ലിയുടേതാണ് ആശയം. അദ്ദേഹത്തിന്റെ പേരാണ് പാലത്തിന്

4.ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് നിർമ്മിക്കുന്നത്. ട്രക്കുകളും ടാങ്കുകളും കയറാൻ കരുത്തുണ്ടാകും

സംസ്ഥാനത്ത്

റാന്നിയിൽ ആദ്യം

1996 ജൂലായ് 29ന് പത്തനംതിട്ട റാന്നിയിൽ പാലം തകർന്നപ്പോഴാണ് സംസ്ഥാനത്ത് ആദ്യമായി നിർമ്മിച്ചത്

ശബരിമലയിൽ 2011 നവംബറിലും നിർമ്മിച്ചു. ഇപ്പോഴും നിലവിലുണ്ട്

2017ൽ എം.സി റോഡിൽ കൊല്ലം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ സമാന്തരമായി നിർമ്മിച്ചു

ലഡാക്കിലെ ദ്രാസ്-സുറു നദികൾക്കിടയിൽ നിർമ്മിച്ചതാണ് ഇന്ത്യയിൽ ആദ്യത്തേത്

വയനാട്ടിലേത് ക്ളാസ് 24 ബെയ്ലി പാലം

 നീളം 190 അടി  വീതി 3.27 മീറ്റർ

 24 ടൺ ഭാരം വഹിക്കാൻ ശേഷി

 പാലം നിർമ്മിച്ചത് മദ്രാസ് സാപ്പേഴ്സ് എന്നറിയപ്പെടുന്ന

മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ്

കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) ക്യാപ്ടൻ പുരൻസിംഗ് നഥാവത്, കേരള ആൻഡ്

കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജി.ഒ.സി) മേജർ ജനറൽ വി.ടി മാത്യു എന്നിവരായിരുന്നു

നിർമ്മാണ നേതൃത്വം

 ഒരു പാലം കൂടി നിർമ്മിക്കാൻ വേണ്ട സാമഗ്രികൾ വയനാട്ടിൽ സ്റ്റാൻഡ്

ബൈ ആയി എത്തിച്ചിട്ടുണ്ട്. ഇവ ലോറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.