കൽപ്പറ്റ: ഇരുനില കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നു വീണു. ആളപായമില്ല. കൽപ്പറ്റ ദേശീയപാതയിൽ ആനപ്പാലം ജംഗ്ഷന് സമീപത്തെ പുളിയൻപൊയിൽ ബിൽഡിംഗാണ് തകർന്നത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയും മുന്നിലെ പാരപ്പറ്റും റോഡിലേക്ക് തകർന്നു വീഴുകയായിരുന്നു. കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി ലൈസൻസ് പുതുക്കി നൽകിയത് വിവാദമായിരുന്നു. കെട്ടിടം പൊളിച്ചു നീക്കാൻ ഒരുങ്ങുന്നതിനിടെയാണ് തകർന്നത്. വാടകയ്ക്ക് വ്യാപാരം നടത്തുന്ന കച്ചവടക്കാരാണ് മുനിസിപ്പൽ ലൈസൻസ് പുതുക്കി നൽകുന്നതിന് അപേക്ഷ നൽകിയത്. ഇത്രയും തകർച്ചനേരിടുന്ന കെട്ടിടത്തിന് എന്തടിസ്ഥാനത്തിലാണ് ലൈസൻസ് പുതുക്കി നൽകിയത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസം നേരിട്ടു. ഫയർഫോഴ്സും പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.