മേപ്പാടി: കോട്ടനാട് ഗവ. യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നംപറ്റ, ആനക്കാട്, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ കഴിയുന്നത്. ദുരന്തമുഖത്ത് നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ചൂരൽമല സ്വദേശികളും ഇവിടെയുണ്ട്. 210 പേരുള്ള ക്യാമ്പിൽ 86 സ്ത്രീകളും 67 പുരുഷന്മാരും 57 കുട്ടികളുമാണുള്ളത്.
91 ക്യാമ്പുകളിലായി 9328 പേർ
കാലവർഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 9328 പേർ. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാമ്പുകളും ഇതിൽപ്പെടും. 2704 കുടുംബങ്ങളിലെ 3393 പുരുഷൻമാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗർഭിണികളുമാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. മേപ്പാടി ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചു. 59 പുരുഷൻമാരും 903 സ്ത്രീകളും 564 കുട്ടികളും 2 ഗർഭിണികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്.
രക്ഷാദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി
മേപ്പാടി: ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബെയ്ലി പാലം അതിവേഗം പൂർത്തിയാക്കിയ സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, ഒ.ആർ.കേളു, നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ,ചീഫ് സെക്രട്ടറി ഡോ.വി. വേണു, ജില്ല കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.