മേപ്പാടി: ഉരുൾപൊട്ടലുണ്ടായ ചൂരൽമല , മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും.
റേഷൻ സൗജന്യമായി നൽകും: മന്ത്രി ജി.ആർ.അനിൽ
മേപ്പാടി: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ എ.ആർ ഡി 44, 46 റേഷൻ കടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ സൗജന്യമായി നൽകുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം.
ദുരിതാശ്വാസ നിധിയിലേക്ക്
72,500 രൂപ കൈമാറി
മേപ്പാടി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് 16ാം വാർഡ് ജനകീയ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 72, 500 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളുവിന്റെ സാന്നിദ്ധ്യത്തിൽ കെ.വി വസന്തകുമാരി, എസ് ആനന്ദ്, ജോയ്സ് ജോൺ, ചന്ദ്രിക സന്തോഷ്, എം സജിത് കുമാർ എന്നിവരാണ് തുക കൈമാറിയത്.