femin

മേപ്പാടി: ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ആശുപത്രിയിൽ കഴിയുന്നവർക്ക് സാന്ത്വനമേകി സാമൂഹ്യ പ്രവർത്തക ഫാത്തിമ ഫെമിൻ. താമരശേരി പൂനൂർ സ്വദേശി ഉമ്മിണിക്കുന്ന് സമദ് -സുബൈദ ദമ്പതികളുടെ മകളാണ് ഫെമി. ഉരുൾപൊട്ടലിൽ വേദന അനുഭവിക്കുന്നവരെ സഹായിക്കാൻ ഇവർ ബുധനാഴ്ചയാണ് മേപ്പാടിയിലെത്തിയത്.

മണ്ണിനടിയിൽ നിന്ന് കണ്ടെത്തി കൊണ്ടുവരുന്ന മൃതദേഹങ്ങൾ ക്ലീൻ ചെയ്യാനാണ് ഇവർ ആദ്യം മേപ്പാടി സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ ഇതിന് ആളുണ്ടെന്നറിഞ്ഞതോടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് കൂട്ടിരിക്കാൻ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.

കർണാടക കെ.ആർ പേട്ട് സ്വദേശിയും മുണ്ടക്കൈലെ താമസക്കാരിയുമായ ജാൻസിക്കൊപ്പം കൂട്ടിരിപ്പുകാരില്ലെന്ന് കണ്ടതൊടെ ഇവർക്കൊപ്പം നിന്നു. ഇവരുടെ രണ്ടരവയസുള്ള മകൻ ദുരന്തത്തിൽ മരിച്ചിരുന്നു. ഭർത്താവ് അനിലും ഭർതൃ പിതാവും പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് അനിൽ ലണ്ടനിൽ നിന്ന് ഇവിടെയെത്തിയത്.