gbfh
സഹോദരിമാർ

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ ദുഃഖത്തിലാണ് സഹോദരിമാരായ ലീലയും ,സൗമിനിയും, സാവിത്രിയും.
ലീലയ്ക്ക് ചൂരൽമലയിൽ എട്ടേകാൽ സെന്റ് ഭൂമിയാണ് സ്വന്തമായി ഉണ്ടായിരുന്നത്. കൊച്ച് വീടും ഉണ്ടായിരുന്നു. വിധവയായ ലീല സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടാണ് കഴിഞ്ഞിരുന്നത്. ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്നുപോയി. 2021ൽ കാട്ടാനയുടെ ആക്രമണത്തിൽ ലീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ ജോലിക്ക്‌ പോകാൻ കഴിയാത്ത സാഹചര്യമായി.
ഉരുൾപൊട്ടലിലും പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ലീലയുടെ മൂത്ത സഹോദരി സാവിത്രിയ്ക്ക് മുണ്ടക്കൈ ടൗണിൽ മൂന്നര സെന്റ് സ്ഥലത്ത് വീടുണ്ടായിരുന്നു. കുടുംബസമേതം സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് ദുരന്തം കവർന്നെടുക്കുന്നത്. ഇറങ്ങി ഓടിയതിനാൽ ജീവൻ നഷ്ടമായില്ല. എന്നാൽ സാവിത്രിയുടെ വീട് പൂർണമായും തകർന്നു.സമാനമായ സാഹചര്യമാണ് സഹോദരി സൗമിനിക്കും. 8 സെന്റ് സ്ഥലത്ത് ഉണ്ടായിരുന്ന വീട് ദുരന്തം കവർന്നെടുത്തു. മൂന്നുപേരും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലാണ് . തങ്ങൾക്ക് ഇനി ഏകപ്രതീക്ഷ സർക്കാരിലാണെന്ന് ഇവർ പറയുന്നു. മക്കളും ബന്ധുക്കളും എല്ലാം സുരക്ഷിതരാണ്. എന്നാൽ വീട് നഷ്ടമായതോടെ ദുരിതാശ്വാസക്യാമ്പ് അവസാനിച്ചാൽ എങ്ങോട്ട്‌പോകുമെന്നാണ് ഇവർ ചോദിക്കുന്നത്.