മേപ്പാടി: വയനാട് ദുരന്തത്തിൽപെട്ടവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ രക്ത സാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങി അടുത്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്കെടുക്കുന്നത്.
രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ച്
കേന്ദ്രമന്ത്രി സുരേഷ് ഗോപി
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനം അഭിനന്ദനാർഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചാൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റ കളക്ടറേറ്റിലെത്തിയ സുരേഷ്ഗോപി റവന്യൂ മന്ത്രി കെ.രാജൻ, ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ എന്നിവരുമായി ചർച്ച നടത്തി.