മേപ്പാടി: ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഹാനിക്കും ലാവണ്യയ്‌ക്കും പ്രിയങ്ക ഗാന്ധിയുടെ ആശ്വാസ വിളിയെത്തി. ഒപ്പം ഒറ്റയ്‌ക്കാവില്ലെന്ന ഉറപ്പും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ പ്രിയങ്ക ഏറെനേരം ഇരുവർക്കുമൊപ്പം ചെലവഴിച്ചിരുന്നു.
വൈത്തിരി നവോദയ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ലാവണ്യയ്‌ക്ക് മാതാപിതാക്കളും സഹോദരനും രണ്ട് വല്യച്ഛന്മാരും അവരുടെ കുടുംബവുമുൾപ്പെടെ ഒമ്പതുപേരെയാണ് നഷ്ടമായത്. ചെളിയിൽ കഴുത്തറ്റം മുങ്ങിയ വല്ല്യമ്മയെ മണിക്കൂറുകളോളം പിടിച്ചു നിർത്തിയ മുഹമ്മദ് ഹാനിക്ക് ഉപ്പയും ഉമ്മയും രണ്ടു സഹോദരങ്ങളും പിതൃസഹോദരന്റെ കുടുംബവും നഷ്ടമായിരുന്നു. ഇരുവരോടും സംസാരിച്ച പ്രിയങ്ക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എല്ലാശ്രമങ്ങളും നടത്തുമെന്ന് ഉറപ്പും നൽകി.