കൽപ്പറ്റ: വയനാട് ദുരന്തത്തിൽ നഷ്ടമായ മുഴുവൻ രേഖകളും ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഇതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദ്ദേശപ്രകാരം വിവരങ്ങൾ ശേഖരിക്കും. രണ്ടു ദിവസത്തിനകം പൂർത്തിയാക്കും. ദുരന്തത്തിൽ കാണാതായവരുടെ വിവരശേഖരണം റേഷൻ കാർഡുകൾ, അങ്കണവാടികൾ, കെ.എസ്.ഇ.ബി, പാചകവാതകം, ഹരിതമിത്രം അപ്പ്, തൊഴിൽ വകുപ്പ്, ഡി.ടി.പി.സി, ബാങ്കുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ നടത്തുന്നു.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് താത്കാലിക പുനരധിവാസ സംവിധാനം ഉടനൊരുക്കും. ഇതിനായി മേപ്പാടിയിലെ സമീപ പഞ്ചായത്തുകളിലെ സർക്കാർ, സർക്കാരിതര കെട്ടിടങ്ങളുടെ വിവരശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. കെട്ടിടങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പിലുള്ളവരെ മാറ്റും. പുനരധിവാസത്തിന് സ്ഥിരം സംവിധാനത്തിനായി ചർച്ചകൾ നടക്കുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ദുരന്തബാധിത മേഖലയിലെ കുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കും. 50 മുതൽ 75വരെ കുടുംബങ്ങൾക്ക് ഒരു കമ്മ്യൂണിറ്റി മെന്ററെ ഉറപ്പുവരുത്തും. സംസ്ഥാന മിഷനിൽ നിന്നുള്ള അഞ്ചംഗങ്ങളുടെ ഏകോപനത്തിൽ പദ്ധതി നടപ്പാക്കും. ഇതിനായി 20 കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ നിയമിക്കും.
12 ടൺ ജൈവ മാലിന്യം നീക്കി
ദുരന്ത പ്രദേശത്തുനിന്ന് 12 ടൺ ജൈവമാലിന്യവും ഏഴുടൺ തുണി മാലിന്യങ്ങളും നീക്കി
മെഡിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ഒഴിവാക്കാൻ 'ആക്രി' സംവിധാനം ഉപയോഗിക്കും കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ ക്രഷറുകളുടെ സഹായം തേടും
കെട്ടിടാവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനുള്ള സി.എം.ടി പ്ലാന്റ് തിരുവനന്തപുരത്ത് നിന്നെത്തിക്കും ദുരന്തബാധിത പ്രദേശത്തും ക്യാമ്പുകളിലുമായി 74 ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു. ഇരുപതെണ്ണം ഇന്നു സ്ഥാപിക്കും
150 തൊഴിൽ ദിനങ്ങൾ
വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല, തൃക്കേപ്പറ്റ വില്ലേജുകൾ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ 150 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. തൊഴിലുറപ്പു പദ്ധതി വഴിയുള്ള റോഡ് നിർമ്മാണ പരിധി 10% എന്നത് വർദ്ധിപ്പിക്കും. 40% മെറ്റീരിയൽ വർക്ക് പരിധിയും കൂട്ടും.
തകർന്ന വീടുകൾ
പൂർണമായി........352
ഭാഗികമായി .......122