njaru
നീലഗിരി കോളേജിൽ ജൈവ നെൽകൃഷിയുടെ ഞാറു നടൽ ആരംഭിച്ചപ്പോൾ

എരുമാട്: കഴിഞ്ഞ അഞ്ചു വർഷമായി നീലഗിരി കോളേജിൽ വിജയകരമായി ചെയ്തുവരുന്ന ജൈവ നെൽകൃഷിയുടെ ഞാറുനടൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അയൽവാസികളുടെയും സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ തുടങ്ങി. കഴിഞ്ഞ വർഷം ഈ കൃഷിയിടത്തിൽ നിന്നും പതിനായിരം കിലോ നെല്ല് ഉത്പ്പാദിപ്പിക്കുകയും ഇത്തരത്തിൽ ഉത്പ്പാദിപ്പിക്കപ്പെട്ട അരി വിദ്യാർത്ഥികൾക്കും സമീപ വാസികൾക്കും മറ്റു ആവശ്യക്കാർക്കും നൽകി വരുന്നു. വർഷത്തിൽ 10 മണിക്കൂർ കൃഷി പ്രവൃത്തി പരിചയത്തിലൂടെ വിദ്യാർത്ഥികളെ ജൈവ കൃഷികളോടും അനുബന്ധ കാര്യങ്ങളോടും അടുപ്പിക്കുക എന്ന വലിയ സ്വപ്നത്തിലാണ് കാമ്പസ് പ്രവർത്തിക്കുന്നത്.
നാക് റാങ്കിംഗിൽ ഉയർന്ന ഗ്രേഡായ എ പ്ളസ് പ്ളസ് കരസ്ഥമാക്കുന്നതിലും ഈ പദ്ധതികൾ വലിയ പങ്ക് വഹിച്ചിരുന്നു. ഈ വർഷം മുതൽ ഓട്ടോണോമസ് എന്ന പദവിയോടെ പ്രവർത്തിക്കുന്ന കോളേജ് എന്നതും ഏറെ ശ്രദ്ധേയമാണ്. വരും വർഷങ്ങളിൽ പരിപാടികൾ കൂടുതൽ വിപുലമായി നടത്താനും വിഷ രഹിത ജൈവ കൃഷിയുടെ സന്ദേശം സമൂഹത്തിന് കൈമാറാനുമാണ് കോളേജ് ലക്ഷ്യമിടുന്നതെന്ന് കോളേജ് എം.ഡിയും ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പറുമായ റാശിദ് ഗസാലി അറിയിച്ചു.