വയനാടിന്റെ നട്ടെല്ല് ! ഇവിടത്തെ കർഷകരേയും കുടിയേറ്റ ജനതയേയും ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം വയനാടിനെ കനകം വിളയുന്ന മണ്ണാക്കി മാറ്റിയവരാണിവർ. വയനാടിന്റെ മുഖച്ഛായ മാറ്റാൻ ഇവർ വഹിച്ച പങ്ക് അത്രമേൽ വലുതാണ്.
കുടിയേറ്റ ജനതയുടെ അതിമഹത്തായ പാരമ്പര്യത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയതും അതുകൊണ്ടുതന്നെ.
അവർ പടുത്തുയർത്തിയ ഭൂമികയാണ് ലാഭക്കൊതിയന്മാരായ ചിലർ കവർന്നെടുക്കാൻ തുടങ്ങിയത്. അവിടെ നിന്ന് തുടങ്ങുന്നു വയനാടിന്റെ സമയദോഷം. കർഷകരുടെയും ആദിവാസികളുടെയും നിലനിൽപ്പുപോലും ചോദ്യം ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ അതിന് തുടക്കം കുറിച്ചുവെന്ന് പറയാം. വയനാടിന്റെ ഭംഗി കുന്നും മലയും നിബിഡ വനവുമൊക്കെയാണ്. അതാണ് തേയില പ്ളാന്റേഷന് വേണ്ടി ബ്രിട്ടീഷുകാർ വെട്ടിവെളിപ്പിച്ചത്. അവിടെ അവർ തേയിലയും മറ്റ് വിലപിടിപ്പുളള നാണ്യവിളകളും വച്ചുപിടിപ്പിച്ചു. അതെല്ലാം അവർ ചുരമിറക്കി കൊണ്ടുപോയി.
വൻ ദുരന്തം ഉണ്ടാകാൻ ഇടയാക്കിയത് ബ്രിട്ടീഷുകാരുടെ ചെയ്തികളുടെ കൂടി ഫലമാണ്. സ്വാതന്ത്ര്യാനന്തരം വൻകിട എസ്റ്റേറ്റുകാരും അത് ആവർത്തിച്ചു. സർക്കാർ ഭൂമി പോലും അധീനതയിലാക്കിയവരുണ്ട്. തലചായ്ക്കാൻ ഒരു തുണ്ട് ഭൂമിക്കുവേണ്ടി പാവപ്പെട്ടവർ അലയുമ്പോഴാണ് ഹെക്ടർകണക്കിന് സർക്കാർ ഭൂമി ചില വൻകിട എസ്റ്റേറ്റുകാർ കൈയേറി കൈവശപ്പെടുത്തിയത്. ഇത് കണ്ടെത്താനുളള ധീരമായ നടപടിയാണ് സർക്കാർ ചെയ്യേണ്ടത്.
ജീവിക്കാൻ വേണ്ടി പാടുപെടുന്ന ചെറുകിട കർഷകരെയും കുടിയേറ്റക്കാരെയും സംരക്ഷിക്കണം. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോൾ ശവസംസ്കാരത്തിന് പോലും ഭൂമിയില്ലാത്ത അവസ്ഥയുണ്ടായി.
ഉറങ്ങാൻ ഫാൻ വേണം!
നല്ല മഴ കിട്ടിയിരുന്നതിൽ വയനാട്ടിലെ ലക്കിടിക്ക് ഒരു സ്ഥാനമുണ്ടായിരുന്നു. അതിന്ന് കൈമോശംവന്നു. ചുരം കയറി എത്തുന്ന ഇൗ പ്രദേശത്ത് ഇപ്പോൾ ചുട്ടുപൊളളുന്ന കാലാവസ്ഥയാണ്. രാത്രി ഉറങ്ങണമെങ്കിൽ ഫാൻ വേണമെന്നായി. മുൻപുണ്ടായിരുന്ന കോടമഞ്ഞും കുളിരും നൂലുപോലെ പെയ്തിറങ്ങുന്ന വയനാടൻ മഴയും എവിടെപ്പോയി. പഠനം ആവശ്യമാണ്. കാലാവസ്ഥയിൽ വലിയൊരു വ്യതിയാനം വയനാട്ടിൽ ഉണ്ടായിരിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ നിലനിൽപ്പു തന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തി. ലോകത്തെ ഞെട്ടിച്ച മഹാദുരന്തമാണ് ഇവിടെയുണ്ടായത്. ഇതിന്റെ മുറിവ് ഏറെ വലുതാണ്. ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കരുത്. അതിനായി സാദ്ധ്യമായതെല്ലാം ചെയ്യണം.
(ഉരുൾപൊട്ടൽ ദുരന്തങ്ങളെക്കുറിച്ച് നാളെ)