മേപ്പാടി: പതിനേഴ് പേരുടെ ജീവനെടുത്ത പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നലെയാണ് അഞ്ചാണ്ട് പൂർത്തിയായത്. 2019 ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലുമണിയോടെയായിരുന്നു പുത്തുമല പച്ചക്കാട് മേഖലയെ തുടച്ചുനീക്കിയ ഉരുൾപൊട്ടൽ. 12 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. അഞ്ചുപേരെ കണ്ടെത്താനായില്ല. നൂറോളം വീടുകളും ക്ഷേത്രവും മസ്ജിദും എസ്റ്റേറ്റ് പാടികളും ദുരന്തം കവർന്നു. ദിവസങ്ങളായി പെയ്യേണ്ട മഴ ഒറ്റ പകൽകൊണ്ടു പെയ്തതോടെയാണ് പുത്തുമലയിൽ ഉരുൾപൊട്ടിയത്. നാലുമണിയോടെ ഉരുൾപൊട്ടൽ പുറംലോകം അറിഞ്ഞെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞത് രാത്രി 7. 30ന്.
റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി ചൂരൽമലയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടതോടെ രക്ഷാപ്രവർത്തകർ ഏറെ സാഹസികമായാണ് എത്തിയത്. ആറുപേരുടെ മൃതദേഹം പിറ്റേ ദിവസവും അവശേഷിക്കുന്ന ആറുപേരുടെ മൃതദേഹങ്ങൾ രണ്ടാഴ്ചയ്ക്കിടെ പലിടത്തുനിന്നാണ് ലഭിച്ചത്. പുത്തുമല പച്ചക്കാട് സ്വദേശികളായ അജിത, എൻ. അവറാൻ, ഷൈല, അണ്ണയ്യൻ , ഗൗരി ശങ്കർ ,കാർത്തിക് സി. ഇബ്രാഹിം, മുഹമ്മദ് മിസ്ത്താഖ് , കെ. അബൂബക്കർ, എം. സെൽവൻ, റാണി ,ഒ.പി ഹാജറ, കെ.പി .ജുനൈദ്, കെ.പി ഖാലിദ്, എ. അയ്യൂബ് ,എ നബീസ എന്നിവരാണ് ദുരന്തത്തിൽ ഇരയായത്. ഇവരിൽ അണ്ണയ്യൻ, എൻ. അവറാൻ, അബൂബക്കർ ,പി. ഹംസ ,എ.നബീസ എന്നിവരെ കണ്ടെത്താനായിട്ടില്ല.
വീട് നഷ്ടമായ 56 കുടുംബങ്ങളെ പൂത്തകൊല്ലിയിലാണ് പാർപ്പിച്ചത്. ഹർഷം എന്ന് പേരിട്ട പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പുനരധിവസിപ്പിച്ചത്. പുത്തൂർവയൽ ,കാപ്പംകൊല്ലി ചെമ്പോത്തറ, കോട്ടനാട് എന്നിവിടങ്ങളിലും സന്നദ്ധ സംഘടനകൾ ചേർന്ന് വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. പുത്തുമല മെല്ലെ പച്ച പിടിക്കുന്നുണ്ട്. പുത്തുമല സ്‌കൂൾ സമീപത്തായി പ്രവർത്തനം തുടങ്ങി. തകർന്ന ക്ഷേത്രവും പുനർ നിർമ്മിച്ചു. പുത്തുമലയിൽ കഴിഞ്ഞിരുന്ന 56 കുടുംബങ്ങളെ എങ്കിലും ഒരുമിച്ച് പുനരധിവസിപ്പിക്കാൻ കഴിഞ്ഞാൽ ദുരന്തബാധിതർക്ക് ആശ്വാസമായിരുന്നു. ഓരോ കുടുംബവും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വീട്ടിലാണ് കഴിയുന്നത്. മാലിന്യ സംസ്‌കരണം ഉൾപ്പെടെ വലിയ പ്രതിസന്ധിയാണെന്ന് ദുരന്തബാധിതർ പറയുന്നു.