ടൂറിസ്റ്റുകളെ ആകർഷിക്കാൻ എങ്ങും റിസോർട്ടുകൾ, ഹോംസ്റ്റേകൾ. ഏറെയും അനധികൃതം. ചെറിയ ഒരു അരുവിയുടെ സാമീപ്യവും ശിഖരങ്ങളുള്ള ഒരു മരവും ഉണ്ടെങ്കിൽ ഏറുമാടം കെട്ടി റിസോർട്ടാക്കാമെന്ന അവസ്ഥ. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന നിർമ്മിതികൾ. ഇപ്പോൾ നിയന്ത്രണമുണ്ടെങ്കിലും ഒരു കാലത്ത് വയനാടൻ മലയോരങ്ങളിൽ മത്സരിച്ച് ക്വാറികൾ പ്രവർത്തിച്ചിരുന്നു. ചെറിയ പ്രകമ്പനങ്ങളല്ല ക്വാറികൾ തീർത്തത്.
വയനാടിന്റെ ഭൂപ്രകൃതിക്ക് മാറ്റം വന്നു തുടങ്ങിയതോടെ ദുരന്തങ്ങൾ തുടർക്കഥയായി. സാധാരണക്കാരുൾപ്പെടെ നൂറുകണക്കിനുപേർ ഇരകളായി. കണ്ണീർകുടിച്ചും ഭാവിയെക്കുറിച്ച് ആകുലപ്പെട്ടും ജീവിതം ചോദ്യംചിഹ്നമായി മാറിയ എത്രയോപേർ. ഇനിയും അവരെ ദുരന്തങ്ങൾക്ക് വിട്ടുകൊടുക്കണോ? വയനാടിനെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളാകെ ഒന്നിച്ചു പ്രവർത്തിക്കണം.
ഇപ്പോൾ ദുരന്തമുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തുമടക്കം യഥാസമയം തീവ്രമഴ മുന്നറിയിപ്പ് നൽകാൻപോലും കഴിയാതെ പോയി. 577 മി.മീറ്റർ മഴയാണ് ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിൽ അനുഭവപ്പെട്ടത്. മഴമാപിനികൾ പലയിടത്തും സ്ഥാപിച്ച് മുന്നറിയിപ്പ് സംവിധാനം കൃത്യമാക്കാനുള്ള സംവിധാനമൊരുക്കണം. അത്യാവശ്യഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണം.
പശ്ചിമഘട്ട മേഖലയുടെ ആപത് സൂചനകളെക്കുറിച്ച് വ്യക്തമാക്കുന്ന ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളൊക്കെ പൊടിപിടിച്ച് കിടപ്പാണ്. മഴക്കാലം കഴിഞ്ഞിട്ടില്ല, തുലാവർഷം വരാനിരിക്കുന്നു. അതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വ്യക്തമായ ആസൂത്രണം ഇപ്പോഴേ വേണം.
സർക്കാരിന്റെ ദത്തുപുത്രി
1992 ജൂൺ 19ന് പുലർച്ചെ നാലരയ്ക്ക് കാപ്പിക്കളത്തുണ്ടായ ഉരുൾപാെട്ടൽ. അന്ന് അഞ്ചാം ക്ളാസുകാരിയായിരുന്ന പ്രീതിക്ക് നഷ്ടമായത് അച്ഛനും അമ്മയും അച്ഛന്റെ അനിയന്മാരുമടക്കം കുടുംബത്തിലെ പതിനൊന്നുപേരെ. ഒരു മരത്തിനടുത്ത് മണ്ണിൽപൂണ്ട് കിടന്ന പ്രീതിയെ ദൗത്യസംഘം രക്ഷിച്ചു. പ്രശസ്ത സർജൻ ഡോ.എം.കെ.ബാലചന്ദ്രന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ നൽകി. ആരോരുമില്ലാതെ ഒറ്റപ്പെട്ട പ്രീതിയെ സർക്കാർ ദത്തുപുത്രിയാക്കി. വിദ്യാഭ്യാസം നൽകി. ഇന്ന് സുൽത്താൻ ബത്തേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥ. വിവാഹിത. മുണ്ടക്കൈയിലുണ്ടായ ദുരന്തത്തെത്തുടർന്ന് ഒഴിവുദിവസംപോലും ഓഫീസിലെത്തി ജോലി ചെയ്യുന്നു. ഇന്നും ആ ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിഞ്ഞിട്ടില്ല പ്രീതിക്ക്.
2019 ആഗസ്റ്റ് 8ന് വൈകിട്ട് നാലിന് പുത്തുമലയിൽ ഉരുൾപൊട്ടി. പതിനേഴു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിന്റെ ഗൗരവം വിളിച്ചറിയിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ.സഹദ് ഒരു വീഡിയോ പോസ്റ്റു ചെയ്തു. കൂടുതൽ ദൗത്യസംഘവും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനെത്താൻ ആ വീഡിയോയും സഹായകമായി. അന്നും ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തു. ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും കാണാതായ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. പുത്തുമലയിൽ ഉരുൾപൊട്ടിയതിന്റെ അഞ്ചാം വാർഷികം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു.
(അവസാനിച്ചു)