collection

കൽപ്പറ്റ: വസ്ത്രങ്ങൾ, അരി, പച്ചക്കറി, കിടക്ക, മരുന്നുകൾ.. വയനാട്ടിൽ ദുരന്തത്തിനിരയായവർക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രവഹിക്കുകയാണ്. കൽപ്പറ്റ സെന്റ് ജോസഫ് സ്‌കൂളാണ് കളക്ഷൻ സെന്റർ. സന്നദ്ധ പ്രവർത്തകർ അവ തരംതിരിക്കുന്ന തിരക്കിലാണ്.

സ്‌കൂളിൽ സ്ഥലപരിമിതി കാരണം കൃഷ്ണഗിരിക്ക് സമീപത്തെ ഗോഡൗണിലേക്ക് സാധനങ്ങൾ മാറ്റിത്തുടങ്ങി. സ്‌കൂളിൽ ക്ലാസ് ആരംഭിക്കുന്നതിനായി കളക്ഷൻ സെന്റർ പൂർണമായും കൃഷ്ണഗിരിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാഭരണകൂടം. മസാലപ്പൊടികൾ, അരി, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ, മുട്ട, ബേക്കറി സാധനങ്ങൾ എന്നിവയാണ് കൂടുതലായും എത്തുന്നത്. ഇവ ഏറെക്കാലം സംഭരിച്ചു വയ്ക്കാൻ കഴിയാത്തതിനാൽ, അവ ശേഖരിക്കുന്നത് ജില്ലാ ഭരണകൂടം താത്കാലികമായി നിറുത്തി.

കിടക്ക, പായ, തലയണ, പുതപ്പ്, വസ്ത്രങ്ങൾ, സാനിറ്ററി ഐറ്റംസ്, മെഡിക്കൽ ഉത്പന്നങ്ങൾ, മരുന്ന്, പാത്രങ്ങൾ, കുപ്പിവെള്ളം, ഗ്യാസ് സ്റ്റൗ തുടങ്ങിയവയും ലഭിക്കുന്നു. സ്ഥലപരിമിതി കാരണം ഇവയുടെ സംഭരണത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി താലൂക്കിനു കീഴിലെ മൂന്നു വില്ലേജുകളിലായി പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ക്യാമ്പുകളിലേക്ക്‌ ആവശ്യമായ സാധനങ്ങൾക്കായി പഞ്ചായത്ത് സെക്രട്ടറിയാണ് കളക്ഷൻ സെന്ററിലേക്ക് ലിസ്റ്റ് നൽകുന്നത്.

എല്ലാത്തിനും കണക്കുണ്ട്

കളക്ഷൻ സെന്ററിൽ എത്തുന്ന സാധനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇവയുടേയും ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങളുടെയും കൃത്യമായ കണക്ക് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സബ് കളക്ടർ നോഡൽ ഓഫീസറായി മൂന്നു തഹസിൽദാർമാരുടെ നേതൃത്വത്തിൽ 50ഓളം ഉദ്യോഗസ്ഥരും, 200ഓളം വോളന്റിയേഴ്സും സേവന സന്നദ്ധരായി കളക്ഷൻ സെന്ററിലുണ്ട്.