ക്യാമ്പുകളിലുള്ളവരെ ഉടൻ വീടുകളിലേക്ക് മാറ്റും
കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 125 ഓളം വീടുകൾ ഇതിനായി കണ്ടെത്തി. ഉടൻ താമസമാക്കാൻ കഴിയുംവിധം പലതും തയ്യാറാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കിയാൽ താമസത്തിനായി നൽകും. വീടുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഇടപെടുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനായി വേണ്ടി വരും. നിലവിൽ ക്യാമ്പുകൾ തുടരും. ദുരന്ത ബാധിതർക്ക് സമാശ്വാസ തുക അടിയന്തരമായി നൽകേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങൾ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതിൽ സർക്കാരിന് കർക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവിൽ ഇളവ് പ്രഖ്യാപിക്കണമെന്നതുൾപ്പെടെ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇതുവരെ 226 മരണം സ്ഥിരീകരിച്ചു. 403 ശരീരഭാഗങ്ങൾ കണ്ടെത്തി. 133 പേരെയാണ് കാണാതായത്. ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും വെള്ളിയാഴ്ച സംസ്കരിച്ചു. 90 ഡി.എൻ.എ സാമ്പിളുകൾ കൂടി ശേഖരിച്ചു. പരിശോധനകൾക്കായി 126 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. 78 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജനകീയ തെരച്ചിൽ ഞായറാഴ്ചയും തുടരും. ക്യാമ്പിലുള്ളവരിൽ സന്നദ്ധരായവരെ കൂടി ഉൾപ്പെടുത്തിയാകും തെരച്ചിൽ. ആരെയും നിർബന്ധിക്കില്ല. തെരച്ചിൽ എത്ര ദിവസം കൂടി എന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിമാർ പറഞ്ഞു. ജില്ലാ കളക്ടർ ഡി ആർ മേഘ്രശീയും പങ്കെടുത്തു.
നാല് മൃതദേഹങ്ങൾ കണ്ടെത്തി
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കാന്തൻപാറ വെളളച്ചാട്ടത്തിന് സമീപം വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഇന്നലെ ആനടിക്കാപ്പ് ഭാഗത്ത് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ എയർലിഫ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. പൂർണമായും വനമേഖലയാണ് പ്രദേശം.