#19ന് വിദഗ്ദ്ധ സംഘം എത്തും
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസ സജ്ജീകരണങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്ക് മന്ത്രിസഭാ ഉപസമിതി രൂപംനൽകി. വൈത്തിരി തഹസിൽദാരാണ് കൺവീനർ.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഒരു ഡെപ്യൂട്ടി കളക്ടർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ അംഗങ്ങളുമായിരിക്കും.
താത്ക്കാലിക പുനരധിവാസത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തിയ 41 കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ 24 കെട്ടിടങ്ങളും ഉപയോഗ സജ്ജമാക്കിയെന്ന് മന്ത്രിസഭ ഉപസമിതി അംഗങ്ങളായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അറ്റകുറ്റപണി നടത്തി ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വാടക നൽകി ഉപയോഗിക്കാവുന്ന 286 വീടുകൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, അമ്പലവയൽ, മുട്ടിൽ എന്നിങ്ങനെ ആറു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വാടകവീടുകൾ കണ്ടെത്താനാണ് തീരുമാനം. കണ്ടെത്തിയ കെട്ടിടങ്ങൾ വാസയോഗ്യമാണോ, വീട്ടുപകരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. വാടക സംബന്ധിച്ച് സർക്കാർ മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാരിസൺ മലയാളം കമ്പനി 102 തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. താത്ക്കാലിക പുനരധിവാസത്തിന് വിശദമായ രൂപരേഖ തയാറാക്കും. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന്റെ അവസ്ഥയും ദുരന്തസാദ്ധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ദ്ധസംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങൾ 19ന് സന്ദർശിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി. ആർ.മേഘശ്രീയും പങ്കെടുത്തു.
229 മരണം
229 മരണം സ്ഥിരീകരിച്ചു. 198 ശരീരഭാഗങ്ങൾ കണ്ടെത്തി. മൂന്നു മൃതദേഹവും ഒരു ശരീര ഭാഗവും ഇന്നലെ സംസ്‌കരിച്ചു. 119 രക്തസാമ്പിളുകൾ ശേഖരിച്ചു. ജനകീയ തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും.