
ന്യൂഡൽഹി : വയനാട് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനം കവർന്ന മൂന്നു വയസുകാരി നൈസ (റൂബിയ) ദേശീയ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞ് രാജ്യത്തിന്റെ ഓമനയായി. മോദിയെ കെട്ടിപ്പിടിച്ചു ചിരിച്ചു നിൽക്കുന്ന നൈസയുടെ മുഖം വയനാട്ടിലെ ജനതയുടെ അതിജീവനത്തിന്റെ പ്രതീകമായി.
ഉരുൾപ്പൊട്ടലിൽ പരിക്കേറ്റ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നൈസയ്ക്ക് ഉമ്മ ജെസീല മാത്രമാണ് ഇന്നുള്ളത്. ഉപ്പയും സഹോദരങ്ങളുമടക്കം ഉറ്റവരെയെല്ലാം ദുരന്തം കവർന്നു. ചെളിയിൽ കുടുങ്ങിയ നൈസയെ ബന്ധുവായ സ്ത്രീയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മകൾ രക്ഷപ്പെട്ട വിവരം ജെസീല തിരിച്ചറിഞ്ഞത്.
പ്രധാനമന്ത്രി വരുമ്പോൾ നമസ്‌തെ പറയണം എന്ന് ആരോ പറഞ്ഞിരുന്നു. പ്രധാനമന്ത്രി എത്തിയപ്പോൾ നൈസ കൈ കൂപ്പി. തിരിച്ച് നമസ്‌തെ പറഞ്ഞ് മോദിയും കൈകൂപ്പി. അരികിൽ ചെന്ന് മോദി കൈ നീട്ടിയപ്പോൾ അവളും കൈ നൽകി. കട്ടിലിനരികിൽ നിന്ന് മോദി അവളെ ചേർത്തു നിർത്തി തലോടി ലാളിച്ചു. നൈസ മോദിയുടെ താടിയിൽ പിടിച്ച് കളിക്കാൻ തുടങ്ങി. തന്റെ മുഖത്തും കണ്ണടയിലും കൗതുകത്തോടെ തലോടിയ നൈസയെ മോദി വാത്സല്യത്തോടെ ലാളിക്കുന്ന ദൃശ്യങ്ങൾ രാജ്യത്തിന്റെയാകെ മനംകവർന്നു. മോദി ജെസീലയുമായും സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
നൈസ ഇപ്പോൾ ആശുപത്രി വാർഡിൽ ഓടിനടക്കുകയാണ്.കുഞ്ഞിനെ വാരിപ്പുണർന്ന് ദുഖം കടിച്ചൊതുക്കി കഴിയുകയാണ് ജസീല.
ചൂരൽമല സ്‌കൂൾ റോഡിൽ മുകൾ ഭാഗത്താണ് താമസിച്ചിരുന്നത്. നൈസയുടെ പിതാവ് ഷാജഹാനും സഹോദരങ്ങളായ ഹീന, ഫൈസ, മാതാപിതാക്കളായ മുഹമ്മദ്കുട്ടി, ജസീല, മുഹമ്മദ്കുട്ടിയുടെ സഹോദരൻ ഹംസ, രണ്ട് പേരക്കുട്ടികൾ എന്നിവരും വീടോടൊപ്പം ഒഴുകിപ്പോയി.