vds1
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൈസയെ കാണാൻ എത്തിയപ്പോൾ

കൽപ്പറ്റ: ഇന്നലെ മേപ്പാടിയിലെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിനു മുന്നിൽ രാവിലെ 11 മണിയോടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ തന്നെ നൈസ(റൂബിയ)യെന്ന മൂന്നു വയസുകാരിയെ ഏവരും തിരിച്ചറിഞ്ഞു. ഒപ്പം ഉമ്മ ജസീല, ജസീലയുടെ ഉമ്മ ജമീല, ജസീലയുടെ സഹോദരൻ മുഹമ്മദലി എന്നിവരുമുണ്ട്. കണ്ടയുടൻ പലരും അടുത്തുചെന്ന് സമാധാനിപ്പിച്ചു. താലോലിച്ചു. ചിരിച്ചുകൊണ്ട് അവൾ ഏവരോടും കുറുമ്പ് കാണിച്ചു. അതിനിടെ ആരോടെന്നില്ലാതെ അവൾ പറഞ്ഞു.''ഞമ്മളെ വീട് ഇടിഞ്ഞുപോയി.ഞമ്മള് പുഴയിൽ ഒലിച്ചുപോയി. ഓ പേടിയാകുന്നു..." മുണ്ടക്കൈ ദുരന്തത്തിൽ ഉപ്പ ഷാജഹാനും സഹോദരങ്ങളായ ഹീന, ഫൈസ എന്നിവരും ഉൾപ്പെടെ ഏഴുപേരെയാണ് നൈസയ്ക്കു നഷ്ടമായത്.

മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഇന്നലെ ചെക്കപ്പിന് വന്നതായിരുന്നു ഇവർ. മുപ്പതാംതീയതി തന്നെ പരിക്കുകളോടെ ജസീലയും മകൾ നൈസയും ഇവിടെ ചികിത്സതേയിയിരുന്നു. ഞായറാഴ്ച ഡിസ്ചാർജായി. പോകാൻ വീടില്ലല്ലോ എന്ന കാര്യം അപ്പോഴാണ് ഓർത്തത്. എങ്ങോട്ട് പോകുമെന്നതായിരുന്നു ചിന്ത. അതിനിടെ, ഇവർക്ക് താമസിക്കാൻ നെല്ലിമുണ്ട സ്കൂൾ പടിയിൽ അധികൃതർ ഒരു ക്വാർട്ടേഴ്സ് ഒരുക്കിയിരുന്നു.

ജസീലയ്ക്ക് കണ്ണിനും കാലിനുമായിരുന്നു പരിക്ക്. നൈസ മോൾക്ക് ശരീരത്തിൽ ചെറിയ ചെറിയ പരിക്കുകൾ. മകൾക്കും കുടുംബത്തിനുമുണ്ടായ ദുരന്ത വാർത്തയറിഞ്ഞ് റപ്പൺ കടച്ചിക്കുന്നിലെ വീട്ടിൽ നിന്ന് ഓടിയെത്തിയതാണ് ജസീലയുടെ ഉമ്മ ജമീല. ''എന്റെ മോൾ വിധവയായില്ലേ. ഇനി ഞാനല്ലാതെ ഇവർക്കാരാ...."". പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സഹായവാഗ്ദാനം തങ്ങൾ സ്വീകരിക്കുമെന്നും ജസീലയും ഉമ്മ ജമീലയും പറഞ്ഞു. ''മോളെ കാണാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വന്നു. എന്തെല്ലാം കുറുമ്പാണ് മോൾ അദ്ദേഹത്തോട് കാണിച്ചത്. അദ്ദേഹം എന്ത് വിചാരിക്കുമോ എന്തോ?"" ജമീല സങ്കടപ്പെട്ടു.

നമുക്ക് നോക്കണം അവളുടെ കാര്യം

ദുരന്തം അറിഞ്ഞയുടൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സ്ഥലത്തെത്തിയിരുന്നു. അന്നാണ് നൈസയെ ഉമ്മ ജസീലയ്ക്കൊപ്പം ആശുപത്രിയിൽ കണ്ടത്. അവൾ ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു കൈനീട്ടി. അദ്ദേഹം അവളെ വാരിയെടുത്തു. അവൾ കീശയിൽനിന്ന് പേനയെടുക്കാൻ ശ്രമിച്ചു. ആ പേന അവൾക്കു നൽകി. ഉളളിന്റെയുളളിൽ വല്ലാത്തൊരു നോവ്. വിശേഷങ്ങൾ തിരക്കി പോകാനൊരുങ്ങുമ്പോൾ കുട്ടി വീണ്ടും കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. വി.ഡി.സതീശൻ ജസീലയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു. കുട്ടിയുടെ കാര്യം ഞാൻ നോക്കാം. അതുപറഞ്ഞ് കഴിഞ്ഞപ്പോൾ മനസിന് എന്തോ ഒരു ആശ്വാസം. അടുത്ത ദിവസം രാഹുൽഗാന്ധിയും പ്രിയങ്കയും വന്നപ്പോഴും കുട്ടിയെ കാണാൻ പോയി. പോകുമ്പോൾ അദ്ദേഹം ഒരിക്കൽക്കൂടി ഉമ്മയോട് പറഞ്ഞു, പേടിക്കേണ്ട ഞാനുണ്ടെന്ന്. തിങ്കളാഴ്ച യാത്രയ്ക്കിടെ അദ്ദേഹം തന്റെ പി.എ അജ്മലിനോടായി പറഞ്ഞു.'നമുക്ക് നോക്കണം അവളുടെ കാര്യം'.ഉടൻ കുട്ടിയുടെ ഉമ്മാമ്മയെ ഒന്ന് വിളിക്കാനും നിർദ്ദേശിച്ചു. പി.എ ഫോൺ കണക്ട് ചെയ്തു. "എന്തുണ്ടെങ്കിലും പറയാൻ പേടിക്കേണ്ട, ഒപ്പമുണ്ട്. "വി.ഡി.സതീശൻ അറിയിച്ചു.